വിജയനഗരം: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയും ബോര്‍ഡ് പ്രസിഡന്‍സ് ഇലവനും തമ്മിലുളള പരിശീലന മത്സരം ഇന്ന് തുടങ്ങും. രോഹിത് ശര്‍മ്മയാണ് ബോര്‍ഡ് ഇലവനെ നയിക്കുന്നത്. ടെസ്റ്റ് ടീമിൽ രോഹിത്തിനെ ഓപ്പണറായി തെരഞ്ഞെടുത്തിരുന്നു. മായങ്ക് അഗര്‍വാളാണ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക.

കേരള താരം ജലജ് സക്‌സേന, പാതി മലയാളിയായ കരുൺ നായർ, പ്രിയങ്ക് പാഞ്ചൽ, കെ എസ് ഭരത്, ഷ‍‍‍ർദുൽ താക്കൂർ, ഉമേഷ് യാദവ് തുടങ്ങിയവര്‍ ടീമിലുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ പുറത്തെടുത്ത ഓള്‍റൗണ്ട് മികവാണ് സക്‌സേനക്ക് തുണയായത്. ദുലീപ് ട്രോഫി മികവ് കരുണിനെ തുണച്ചു. അടുത്ത മാസം രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 

ടെസ്റ്റ് ഓപ്പണറായി ആദ്യ പരീക്ഷണത്തിനാണ് രോഹിത് ശര്‍മ്മ തയ്യാറെടുക്കുന്നത്. കെ എല്‍ രാഹുലിന്‍റെ മോശം ഫോമാണ് ടെസ്റ്റില്‍ മധ്യനിര താരമായിരുന്ന രോഹിത്തിനെ ഓപ്പണിംഗില്‍ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്‍റിനെ നിര്‍ബന്ധിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യില്‍ അമ്പേ പരാജയമായിരുന്ന ഹിറ്റ്‌മാന് ഫോം തെളിയിക്കേണ്ടത് വലിയ കടമയാകും.

ബോര്‍ഡ് പ്രസിഡന്‍റ് ഇലവന്‍: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, അഭിന്യൂ ഈശ്വരന്‍, കരുണ്‍ നായര്‍, സിദ്ധേഷ് സാഡ്, കെ എസ് ഭരത്, ജലജ് സക്‌സേന, ധര്‍മേന്ദ്ര സിംഗ് ജഡേജ, ആവേഷ് ഖാന്‍, ഇശാന്‍ പോറല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്