കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയയില്‍ നിന്ന് നാലും റണ്ണറപ്പുകളായ പ്രോട്ടീസില്‍ നിന്ന് മൂന്നും ഇംഗ്ലണ്ടില്‍ നിന്ന് രണ്ടും ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ഇലവനിലെത്തി

ദുബായ്: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ സെമിയില്‍ പുറത്തായപ്പോള്‍ ഓസ്ട്രേലിയക്കായിരുന്നു കിരീടം. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഓസീസ് ഹാട്രിക് കിരീടം ചൂടിയത്. ടൂർണമെന്‍റിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ ഓസീസ് താരങ്ങളുടെ മേധാവിത്വമാണ് ദൃശ്യമായത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നിരാശരാക്കിയില്ല. എന്നാല്‍ ഒരു ഇന്ത്യന്‍ താരത്തിന് മാത്രമേ ഐസിസിയുടെ മികച്ച ഇലവനില്‍ സ്ഥാനമുള്ളൂ. നാല് ഇന്നിംഗ്സുകളില്‍ 151 റണ്‍സ് നേടിയ സ്മൃതി മന്ദാനയ്ക്കും അഞ്ച് ഇന്നിംഗ്സുകളില് 7 വിക്കറ്റ് നേടിയ രേണുക സിംഗ് ഠാക്കൂറിനും സ്ഥാനമില്ല.

കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയയില്‍ നിന്ന് നാലും റണ്ണറപ്പുകളായ പ്രോട്ടീസില്‍ നിന്ന് മൂന്നും ഇംഗ്ലണ്ടില്‍ നിന്ന് രണ്ടും ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ഇലവനിലെത്തി. ഓസീസില്‍ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ അലീസ ഹീലി, അഷ്‍ലി ഗാർഡ്‍നർ, ഡാർസീ ബ്രൗണ്‍, മേഗന്‍ ഷൂട്ട് എന്നിവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് തസ്മിന്‍ ബ്രിറ്റ്സും ലോറ വാല്‍വർട്ടും ഷബ്‍നിം ഇസ്‍മായിലും ഐസിസിയുടെ മികച്ച ഇലവനിലെത്തി. ഇംഗ്ലണ്ടിന്‍റെ നടാലീ സൈവർ ബ്രണ്ടാണ് ടീം ക്യാപ്റ്റന്‍. ഇംഗ്ലണ്ടില്‍ നിന്ന് സോഫീ എക്കിള്‍സ്റ്റണിനും ടീമില്‍ സ്ഥാനമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് കരിഷ്മ രമാറാക്ക് സ്ഥാനം കണ്ടെത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് വെടിക്കെട്ട് ബാറ്റിംഗുമായി റിച്ച ഘോഷാണ് ടീമിലിടം പിടിച്ചത്. അയർലന്‍ഡിന്‍റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന ഒലർയാണ ടീമിലെ പന്ത്രണ്ടാം താരം. 

ടൂർണമെന്‍റില്‍ തസ്മിന്‍ ബ്രിറ്റ്സ് 186 റണ്‍സും ആലീസ ഹീലി 189 റണ്‍സും നാല് പുറത്താക്കലുകളും ലോറ വാല്‍വർട്ട് 230 റണ്‍സും നടാലീ സൈവർ ബ്രണ്ട് 216 റണ്‍സും ആഷ്‍ലി ഗാർഡ്‍നർ 110 റണ്‍സും 10 വിക്കറ്റും റിച്ച ഘോഷ് 136 റണ്‍സും 7 പുറത്താക്കലുകളും സോഫീ എക്കിള്‍സ്റ്റണ്‍ 11 വിക്കറ്റും കരീഷ്‍മ രമാറാക്ക് 5 വിക്കറ്റും ഷബ്‍നിം ഇസ്മായില്‍ എട്ട് വിക്കറ്റും ഡാർസീ ബ്രൗണ്‍ 7 വിക്കറ്റും മേഗന്‍ ഷൂട്ട് 10 വിക്കറ്റും ഒർല 109 റണ്‍സും 3 വിക്കറ്റും സ്വന്തമാക്കി. 

കെ എല്‍ രാഹുലിന് പ്രത്യേക പരിശീലനം; വീണ്ടും കളിപ്പിക്കാനുള്ള നീക്കമോ, എങ്കില്‍ ആരാധകർ ഇളകും