ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്

ദില്ലി: ക്യാപ്റ്റൻസിയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശർമ്മയ്ക്ക് സ്വന്തമായ ശൈലിയില്ലെന്ന് മുൻ താരം ഗൗതം ഗംഭീർ. മുൻഗാമിയായ വിരാട് കോലിയുടെ രീതികൾ രോഹിത് അതുപോലെ പിന്തുടരുകയാണെന്നും ഗംഭീർ പറഞ്ഞു. ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളും ഹിറ്റ്‌മാന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയിച്ച് നില്‍ക്കേയാണ് ഗംഭീറിന്‍റെ വാക്കുകള്‍. 

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. എങ്കിലും രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ സംതൃപ്‌‌തനല്ല മുന്‍ താരം ഗൗതം ഗംഭീര്‍. നാഗ്‌പൂരിലും ദില്ലിയിലും ടെസ്റ്റ് നാലാം ദിവസത്തേക്ക് പോലും നീണ്ടില്ല. സ്‌പിന്നർമാരെ തന്ത്രപൂർവം പന്തേൽപിച്ചാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയൻ ബാറ്റിംഗിന്‍റെ നടുവൊടിച്ചത്. ഇതോടെ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റൻസി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ രോഹിത്തിന്‍റെ തന്ത്രങ്ങളെല്ലാം മുൻ നായകൻ വിരാട് കോലി തുടങ്ങിവച്ചതാണെന്നാണ് ഗൗതം ഗംഭീറിന്‍റെ നിരീക്ഷണം. 

'വിരാട് കോലി കെട്ടുറപ്പുള്ളൊരു ടീമിനെ സജ്ജമാക്കിയിരുന്നു. രോഹിത് ശര്‍മ്മ പുതിയതായി ഒന്നും ചെയ്തിട്ടില്ല. ടീം ഇന്ത്യയുടെ നിലവിലെ ശൈലി കോലി തുടങ്ങിവച്ചതാണ്. രോഹിത് ഇത് പിഴവില്ലാതെ പിന്തുടരുന്നു എന്നേയുള്ളൂ. രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും കോലി ഉപയോഗിച്ച അതേ രീതിയിലാണ് രോഹിത്തും പന്തേൽപിച്ചത്' എന്നും ഗംഭീര്‍ വ്യക്തമാക്കി. അശ്വിന്‍റെയും ജഡേജയുടേയും സ്‌പിൻ കരുത്തിലാണ് ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ ജയിച്ചത്. ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനേയും അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക എന്നതാണ് ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന്‍റെ യഥാര്‍ഥ വെല്ലുവിളിയെന്നും ഗംഭീര്‍ പറയുന്നു.

നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് കളികളും തോറ്റ് നില്‍ക്കുകയാണ് ഓസീസ്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റ സന്ദര്‍ശകര്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങി. പൂര്‍ത്തിയായ രണ്ട് ടെസ്റ്റുകളില്‍ ജഡേജ 11.24 ശരാശരിയില്‍ 17 ഉം അശ്വിന്‍ 13.93 ശരാശരിയില്‍ 14 ഉം വിക്കറ്റ് നേടി. ബാറ്റിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയാണ്(183 റണ്‍സ്) മുന്നില്‍. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് 158 റണ്‍സും ഒരു വിക്കറ്റുമുണ്ട്. 

ഇന്ത്യക്കെതിരായ ബാറ്റിംഗ് പരാജയം; ഓസീസ് താരങ്ങളെ കടന്നാക്രമിച്ച് ഹസി, പഴി ട്വന്‍റി 20 ക്രിക്കറ്റിന്