ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തും മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ ശ്രേയസ് അയ്യരോട് ഇറാനി കപ്പ് കളിക്കാന്‍ സെലക്‌ടര്‍മാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു

ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ കളിക്കുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ശ്രേയസിന് കളിക്കാനായിരുന്നില്ല. ശ്രേയസിന് ദില്ലി ടെസ്റ്റിലും കളിക്കാനാവില്ല എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ഇതോടെ നാഗ്‌‌പൂരില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിന് ദില്ലിയിലും മധ്യനിര ബാറ്ററായി അവസരം ലഭിക്കാനാണിട. 

ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തും മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ ശ്രേയസ് അയ്യരോട് ഇറാനി കപ്പ് കളിക്കാന്‍ സെലക്‌ടര്‍മാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് ഒന്നിനാണ് ഇറാനി കപ്പ് ആരംഭിക്കുന്നത്. ശുഭ്‌മാന്‍ ഗില്ലും സ്‌ക്വാഡിലുള്ളതിനാല്‍ ശ്രേയസിനെ തിടുക്കത്തില്‍ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ടതില്ല എന്നാണ് തീരുമാനം എന്നറിയുന്നു. പരിക്കേല്‍ക്കുന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന രീതി ഇപ്പോള്‍ ബിസിസിഐ അവലംബിക്കുന്നുണ്ട്. പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അതിന് മുമ്പ് രഞ്ജി ട്രോഫി കളിച്ച് ഫിറ്റ്‌നസ് തെളിയിച്ചിരുന്നു. 

'ശ്രേയസ് അയ്യര്‍ ദില്ലി ടെസ്റ്റിനുള്ള സെലക്ഷന് ഇതുവരെ ലഭ്യമായിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ അദേഹം സുഖംപ്രാപിച്ച് വരികയാണ്. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ല. പരിക്കിന് തൊട്ടുപിന്നാലെ ഒരു താരത്തെ തിടുക്കംപിടിച്ച് ടെസ്റ്റ് കളിപ്പിക്കുന്നതില്‍ കാര്യമില്ല. അദേഹം പൂര്‍ണ ഫിറ്റ്‌നസിലെത്താന്‍ കുറച്ച് ദിവസം കൂടി ആവശ്യമാണ്. താരം ഇറാനി കപ്പ് കളിക്കണോ, അതോ നേരിട്ട് ദേശീയ ടീമിലേക്ക് മടങ്ങിയെത്തണോ എന്ന് സെലക്‌ടര്‍മാര്‍ തീരുമാനിക്കും. എന്നാലും പരിക്ക് കഴിഞ്ഞ് നേരിട്ട് രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുന്നത് സുതാര്യമല്ല' എന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. അയ്യര്‍ക്ക് ഇറാനി കപ്പ് കളിക്കേണ്ടി വന്നാല്‍ ഇന്‍ഡോര്‍ വേദിയാവുന്ന മൂന്നാം ടെസ്റ്റ് നഷ്‌ടമാകും. മാര്‍ച്ച് ഒന്നിന് തന്നെയാണ് ഇന്ത്യ-ഓസീസ് മൂന്നാം മത്സരം തുടങ്ങുന്നത്. 

ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പാണ് ശ്രേയസ് അയ്യരിന്‍റെ നടുവിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് താരത്തിന് നഷ്‌ടവുകയായിരുന്നു. ശ്രേയസ് ഇന്‍ഡോര്‍ പരിശീലനം ആരംഭിച്ചെങ്കിലും പൂര്‍ണമായ നെറ്റ് സെഷന്‍ ഇതുവരെ തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഓസീസിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡിനെ രഞ്ജി ട്രോഫി ഫൈനലിന് മുമ്പോ ശേഷമോ ആകും പ്രഖ്യാപിക്കുക. 

വനിതാ പ്രീമിയര്‍ ലീഗില്‍ ഇടമില്ല; വിയോജിപ്പ് അറിയിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍