ബൗളിംഗില്‍ 32 വിക്കറ്റുമായി ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 25 വിക്കറ്റ് വീഴ്ത്തിയ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് രണ്ടാമനായി.
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര അവസാനിച്ചപ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമെത്തിയത് ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്. അഞ്ച് മത്സര പരമ്പരയില്‍ 9 ഇന്നിംഗ്സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയിലും 92.56 സ്ട്രൈക്ക് റേറ്റിലും 448 റണ്‍സടിച്ചാണ് ട്രാവിസ് ഹെഡ് റണ്‍വേട്ടയിലെ ഒന്നാമനായത്.
അഞ്ച് മത്സരങ്ങളിലെ 10 ഇന്നിംഗ്സുകളില്‍ നിന്നായി 43.44 ശരാശരിയില്‍ 391 റണ്‍ സടിച്ച ഇന്ത്യയുടെ യശസ്വി ജയ്സ്വാളാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറിയടക്കം 314 റണ്‍സടിച്ച സ്റ്റീവ് സ്മിത്ത് റണ്‍വേട്ടക്കാരില്‍ മൂന്നാമനായപ്പോള്‍ ഇന്ത്യയുടെ നിതീഷ് കുമാര്‍ റെഡ്ഡി 298 റണ്‍സുമായി നാലാം സ്ഥാനത്തെത്തി. കെ എല്‍ രാഹുല്‍(276), റിഷഭ് പന്ത്(255) എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. ഒരു സെഞ്ചുറി അടക്കം അഞ്ച് മത്സരങ്ങളില്‍ 190 റണ്‍സെടുത്ത വിരാട് കോലി ഒമ്പതാം സ്ഥാനത്താണ്. മൂന്ന് ടെസ്റ്റുകളില്‍ കളിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 31 റണ്‍സെടുത്ത് 23-ാം സ്ഥാനത്താണ്. ആകാശ് ദീപ്(38), ജസ്പ്രീത് ബുമ്ര(42) എന്നിവര്‍ പോലും രോഹിത്തിനെക്കാള്‍ മുന്നിലാണ്.
കളിയിലെ താരമായി സ്കോട് ബോളണ്ട്, പരമ്പരയുടെ താരമായി ഒരേയൊരു ജസ്പ്രീത് ബുമ്ര
ബൗളിംഗില്‍ 32 വിക്കറ്റുമായി ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 25 വിക്കറ്റ് വീഴ്ത്തിയ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് രണ്ടാമനായി. ബാറ്റിംഗില്‍ 159 റണ്‍സും നേടിയ കമിന്‍സ് ക്യാപ്റ്റനൊത്ത പ്രകടനം പുറത്തെടുത്തപ്പോള്‍ ബൗളിംഗില്‍ ബുമ്രക്കൊപ്പം നില്‍ക്കുന്ന പ്രകടനം നടത്തിയത് ഓസീസ് പേസറായ സ്കോട് ബോളണ്ടാണ്. ബുമ്ര അഞ്ച് ടെസ്റ്റിൽ 13.06 ശരാശരിയിലും 2.76 ഇക്കോണമിയിലുമാണ് 32 വിക്കറ്റെടുത്തതെങ്കില്‍ മൂന്ന് ടെസ്റ്റ് മാത്രം കളിച്ച ബോളണ്ട് 13.19 ശരാശരിയിലും 2.72 ഇക്കോണമിയിലും 21 വിക്കറ്റുമായി മൂന്നാം സ്ഥാനത്തെത്തി.
ഇന്ത്യയുടെ മുഹമ്മദ് സിറാജ് 20 വിക്കറ്റുമായി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് 18 വിക്കറ്റുമായി അഞ്ചാമതാണ്. സ്പിന്നര്‍മാര്‍ക്ക് കാര്യമായി റോളില്ലാതിരുന്ന പരമ്പരയില്‍ ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണ്‍ ഒമ്പത് വിക്കറ്റുമായി ആറാമതാണ്. മൂന്ന് ടെസ്റ്റ് കളിച്ച രവീന്ദ്ര ജഡേജ നാലു വിക്കറ്റ് മാത്രമെടുത്തപ്പോൾ വാഷിംഗ്ടണ്‍ സുന്ദറിന് മൂന്ന് ടെസ്റ്റില്‍ നിന്ന് വീഴ്ത്താനായത് 3 വിക്കറ്റ് മാത്രമാണ്.
