ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി: കോലിക്ക് ഇല്ലാത്ത നേട്ടം നോട്ടമിട്ട് പൂജാര, എലൈറ്റ് ക്ലബിനരികെ
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി: കോലിക്കും രോഹിത്തിനുമില്ലാത്ത നേട്ടത്തിനരികെ പൂജാര, എലൈറ്റ് ക്ലബിനരികെ

നാഗ്‌പൂര്‍: ആവേശം ആഘോഷമാകുന്ന ഇന്ത്യ, ഓസീസ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് തുടക്കമാകാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാഗ്‌പൂരില്‍ വ്യാഴാഴ്‌ച ഇന്ത്യന്‍ സമയം രാവിലെ 9 മണിക്ക് ടോസ് വീഴുന്നതോടെ നാല് ടെസ്റ്റുകളുടെ തീപ്പോരിന് ആവേശത്തുടക്കമാകും. ഇന്ത്യന്‍ നിരയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ ചേതേശ്വര്‍ പൂജാരയെ കാത്ത് പരമ്പരയില്‍ ഒരു നാഴികക്കല്ലുണ്ട്. അതും വിരാട് കോലിക്ക് ഇതുവരെ എത്തിപ്പിടിക്കാനായിട്ടില്ലാത്ത ഉയരത്തില്‍.
ഓസ്ട്രേലിയക്കെതിരെ 20 ടെസ്റ്റില്‍ 54.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറികളും സഹിതം 1893 റണ്‍സാണ് ചേതേശ്വര്‍ പൂജാരയ്ക്കുള്ളത്. 204 റണ്‍സാണ് പൂജാരയുടെ ഉയര്‍ന്ന സ്കോര്‍. 107 റണ്‍സ് കൂടി നേടിയാല്‍ ഓസീസിനെതിരെ 2000 ടെസ്റ്റ് റണ്‍സ് നേടുന്ന നാലാം ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തും പൂജാര. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(39 ടെസ്റ്റില്‍ 3630 റണ്‍സ്), വിവിഎസ് ലക്ഷ്‌മണ്‍(29 ടെസ്റ്റില്‍ 2434 റണ്‍സ്), രാഹുല്‍ ദ്രാവിഡ്(32 ടെസ്റ്റില്‍ 2143) എന്നിവരാണ് മുമ്പ് കങ്കാരുക്കള്‍ക്കെതിരെ രണ്ടായിരം റണ്‍സ് ക്ലബിലെത്തിയ താരങ്ങള്‍. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് 20 ടെസ്റ്റില്‍ ഏഴ് സെഞ്ചുറികളോടെ 48.05 ശരാശരിയില്‍ 1682 റണ്‍സാണ് സമ്പാദ്യം. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ തിളങ്ങിയാല്‍ കോലിക്കും എലൈറ്റ് ക്ലബിലെത്താം. ടെസ്റ്റ് കരിയറിലാകെ ഇതുവരെ 98 മത്സരങ്ങളില്‍ 19 ശതകങ്ങളോടെ 7014 റണ്‍സാണ് പൂജാരയ്‌ക്കുള്ളത്.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ നാഗ്‌പൂരിൽ തുടക്കമാകും. രാവിലെ 9.30നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ രോഹിത് ശര്‍മ്മയുടെ ടീം ഇന്ത്യക്ക് പരമ്പരയിൽ മികച്ച ജയം അനിവാര്യമാണ്. ഓസീസ് നിരയില്‍ പരിക്കേറ്റ കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർക്ക് കളിക്കാനാകില്ല. ഇന്ത്യന്‍ ടീമിലാവട്ടെ വിക്കറ്റ് കീപ്പര്‍ കെ എസ്‍ ഭരത്, മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ അരങ്ങേറ്റത്തിനായി അവസരം കാത്തിരിക്കുന്നു. ഇവരില്‍ ഭരതിന്‍റെ അരങ്ങേറ്റം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുകയാണ് പാറ്റ് കമ്മിന്‍സിന്‍റെയും കൂട്ടരുടേയും ലക്ഷ്യം.
തലേന്നും തലപുകയ്‌ക്കുകയോ? നാഗ്‌പൂരിലെ അന്തിമ ഇലവന്‍ തീരുമാനമായിട്ടില്ലെന്ന് രോഹിത് ശര്‍മ്മ