മൂന്നാം ടി20യില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 153 റണ്‍സിലൊതുക്കിയ ഇന്ത്യക്ക് മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസണെ (0) നഷ്ടമായിരുന്നു.
ഗുവാഹത്തി: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങളായ സുനിൽ ഗവാസ്കറും സൈമൺ ഡൂളും. ഗുവാഹത്തിയിൽ നടന്ന മൂന്നാം മത്സരത്തിൽ ന്യൂസിലന്‍ഡിനെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
മത്സരശേഷം ഇന്ത്യൻ ടീമിന്‍റെ ആധിപത്യം കണ്ട മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂൾ ആണ് കൗതുകകരമായ നിരീക്ഷണം നടത്തിയത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ രണ്ട് ടീമുകളെ ഇറക്കുകയാണെങ്കിൽ, ആ രണ്ട് ടീമുകളും സെമി ഫൈനലിൽ എത്തുമെന്നായിരുന്നു ഡൂളിന്‍റെ പ്രവചനം.
എന്നാൽ ഇതിന് ഗവാസ്കർ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡൂളിനെ തിരുത്തിക്കൊണ്ട് ഗവാസ്കർ പറഞ്ഞു: സെമിയല്ല, ആ രണ്ട് ഇന്ത്യൻ ടീമുകളും തമ്മിലായിരിക്കും ലോകകപ്പ് ഫൈനൽ നടക്കുക എന്നാണ് എനിക്ക് തോന്നുന്നത്." ഇന്ത്യയുടെ പ്രതിഭാ സമ്പത്തിനുള്ള അംഗീകാരമായാണ് ആരാധകർ ഈ മറുപടിയെ ഏറ്റെടുത്തിരിക്കുന്നത്.
അഭിഷേക് ശർമ്മയുടെ വെടിക്കെട്ട്, ഇന്ത്യയ്ക്ക് പരമ്പര
മൂന്നാം ടി20യില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 153 റണ്‍സിലൊതുക്കിയ ഇന്ത്യക്ക് മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസണെ (0) നഷ്ടമായിരുന്നു. എന്നാല്‍ അഭിഷേക് ശർമ്മയും സൂര്യകുമാർ യാദവും ചേർന്ന് കിവീസ് ബൗളർമാരെ തല്ലിത്തകര്‍ത്തതോടെ ഇന്ത്യ അതിവേഗം കുതിച്ചു. അഭിഷേക് ശർമ്മ: വെറും 14 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക്, 20 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നു. ഇഷാന്‍ കിഷന്‍ പുറത്തായശേഷം ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സ് കാഴ്ചവെച്ച സൂര്യകുമാർ 26 പന്തിൽ 57 റൺസെടുത്തു വിജയത്തില്‍ അഭിഷേകിന് കൂട്ടായി. 10 ഓവറുകൾ ബാക്കി നിൽക്കെ ആണ് ഇന്ത്യ വിജയലക്ഷ്യം അടിച്ചെടുത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ 3-0 ന് മുന്നിലെത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.


