മെല്‍ബണ്‍: ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വിരാട് കോലിയെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. നിലവില്‍ അദ്ദേഹത്തോട് താരതമ്യം ചെയ്യാന്‍ പാകത്തിലുള്ള താരങ്ങളൊന്നും ലോക ക്രിക്കറ്റിലില്ല. എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗിന് ഒരു ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വന്നു. കോലിയാണോ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണോ മികച്ച താരമെന്ന ചോദ്യത്തിനാണ് മുന്‍ സ്പിന്നര്‍ മറുപടി പറഞ്ഞത്.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കാന്‍ ഹോഗെത്തിയിരുന്നു. ഇതിലൂടെ ഒരു ക്രിക്കറ്റ് പ്രേമിയുടെ ചോദ്യത്തിന് ഹോഗ് ഉത്തരം നല്‍കുകയായിരുന്നു. ഹോഗ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരാണ് മറുപടിയില്‍ പറഞ്ഞത്. കോലിയുടെ ബാറ്റിങ് റെക്കോഡുകള്‍ ഇതിന് പിന്‍ ബലം നല്‍കുന്നുണ്ടെന്നാണ് ഹോഗിന്റെ വിശദീകരണം. 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ചുള്ള ചോദ്യത്തിനും ഹോഗ് ഉത്തരം നല്‍കി. 1990 കളില്‍ ഡിസിഷന്‍ റിവ്യു സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 10-15 സെഞ്ചുറികള്‍ കൂടുതല്‍ നേടുമായിരുന്നോ എന്നാണ് ചോദ്യം. സച്ചിന് ചില സെഞ്ചുറികള്‍ കിട്ടുമായിരുന്നെന്നും, അതിനൊപ്പം ചില സെഞ്ചുറികള്‍ ഡി ആര്‍ എസിലൂടെ നഷ്ടപ്പെടുമായിരുന്നെന്നും ഹോഗ് മറുപടി നല്‍കി.