കൊല്‍ക്കത്ത: ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിച്ച മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം പുതിയ വേഷത്തില്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക വേഷത്തിലാണ് ഇനി മക്കല്ലത്തെ കാണുക. അതോടൊപ്പം ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹപരിശീലകനായും മക്കല്ലം പ്രവര്‍ത്തിക്കും. ഈ രണ്ട് ടീമുകളും നൈറ്റ് റൈഡേഴ്‌സിന്റെ ഫ്രാഞ്ചൈസിയാണ്.

കഴിഞ്ഞ ആഴ്ചയാണ് മക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ കാനഡ ഗ്ലോബന്‍ ടി20യില്‍ ടൊറാന്റോ നാഷണല്‍സിന്റെ താരമാണ് മക്കല്ലം. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ടൂര്‍ണമെന്റാണിത്. 37കാരനായ മക്കല്ലം യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹത്തെ പുതിയ വേഷത്തില്‍ കാണാം. 

വിരമിക്കല്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ മക്കല്ലം വ്യക്തമാക്കിയിരുന്നു ഇനിയുള്ള കാലം കോച്ചിങ്ങിനായി മാറ്റിവെക്കുകയാണെന്ന്.