സിഡ്‌നി: ഐപിഎല്‍ പതിമൂന്നാം സീസണിന് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടക്കമാകും. തീപ്പൊരി ടി20 ലീഗിന്‍റെ ആരവങ്ങളിലേക്ക് ക്രിക്കറ്റ് പ്രേമികള്‍ കടക്കവെ ഇത്തവണത്തെ ജേതാക്കളെ പ്രവചിച്ചിരിക്കുന്നു ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസവും ഐപിഎല്‍ മുന്‍താരവുമായ ബ്രെറ്റ് ലീ.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള രണ്ടാമത്തെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് ലീ വിജയസാധ്യത കല്‍പിക്കുന്നത്. 'വലിയ മത്സരങ്ങളിലെ സമ്മര്‍ദം അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നരായ താരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനുണ്ട്. ഏറെപ്പേരും ഏറെക്കാലമായി ഐപിഎല്‍ കളിക്കുന്നവര്‍. അടുത്ത രണ്ടുമൂന്ന് ആഴ്‌ചകളില്‍ യുഎഇയിലെ ചൂട് 40 ഡിഗ്രിയായിരിക്കും, വിക്കറ്റ് ടേണ്‍ ചെയ്യുമെന്നുറപ്പ്. അതിനാല്‍ തന്നെ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍ ചെന്നൈയാണ്' എന്നും ബ്രെറ്റ് ലീ പറഞ്ഞു.  

നായകന്‍ എം എസ് ധോണിക്ക് പുറമെ ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന, ഡ്വെയ്‌ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, ഷെയ്‌ന്‍ വാട്‌സണ്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലുണ്ട്. ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, പീയുഷ് ചൗള, കരണ്‍ ശര്‍മ്മ, മിച്ചല്‍ സാന്‍റ്‌നര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന വമ്പന്‍ സ്‌പിന്‍ നിര ടീമിന് കരുത്താണ്. 

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ യുഎഇയില്‍ അരങ്ങേറുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവയാണ് വേദികള്‍. മൂന്ന് തവണ(2010, 2011, 2018) ഐപിഎല്‍ കിരീടമുയര്‍ത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നാല് കിരീടവുമായി മുംബൈ ഇന്ത്യന്‍സ് മാത്രമാണ് ധോണിപ്പടയ്‌ക്ക് മുന്നിലുള്ളത്. 

രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം; സ്വപ്ന സാഫല്യമെന്ന് അനന്തപത്മനാഭന്‍