മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമാക്കാനുള്ള ഐസിസി നീക്കത്തെ എതിർത്ത് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ. ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമാണ് ഇന്ത്യയെന്നും ലാറ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിസി മത്സരദിവസം അഞ്ചിൽ നിന്ന് നാലാക്കി കുറയ്‌ക്കാൻ ആലോചിക്കുന്നത്. എന്നാല്‍ ഐസിസി പ്രതീക്ഷിക്കുന്ന പ്രയോജനം പരിഷ്‌കാരത്തിലൂടെ കിട്ടില്ലെന്ന് ബ്രയാൻ ലാറ പറയുന്നു. സ്റ്റീവ് സ്‌മിത്തും ജോ റൂട്ടുമൊക്കെ നന്നായി കളിക്കുന്നുണ്ടെങ്കിലും സ്ഥിരതയാർന്ന പ്രകടനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ വ്യത്യസ്ഥനാക്കുന്നു. ടി20 ലോകകപ്പിൽ നോക്കൗട്ട് കടമ്പയെന്ന വെല്ലുവിളി ഇന്ത്യ അതിജീവിക്കണമെന്നും ബ്രയാൻ ലാറ വ്യക്തമാക്കി.

ഐസിസി നീക്കത്തിന് സമ്മിശ്ര പ്രതികരണം

ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തിന്‍മേല്‍ ക്രിക്കറ്റ് ലോകം രണ്ട് സംഘങ്ങളായി പിരിഞ്ഞിരുന്നു. ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്‌ട്രേലിയയും പിന്തുണച്ചിരുന്നു. എന്നാല്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും റിക്കി പോണ്ടിംഗും ഗ്ലെന്‍ മഗ്രാത്തും ഐസിസി നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും പരിശീലകന്‍ രവി ശാസ്‌ത്രിയും ഐസിസി നിര്‍ദേശത്തെ എതിര്‍ത്തവരിലുണ്ട്. 

ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ എന്ന നിര്‍ദേശം ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചയ്‌ക്കെടുക്കും. ചെയര്‍മാന്‍ അനിൽ കുംബ്ലെയെ കൂടാതെ മുന്‍ താരങ്ങളായ ആന്‍ഡ്രൂ സ്‌ട്രോസ്, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ, ഷോണ്‍ പൊള്ളാക്ക് എന്നിവരാണ് ക്രിക്കറ്റ് കമ്മിറ്റിയിലെ അംഗങ്ങള്‍.