യുവരാജ് സിംഗിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പരിശീലിക്കുന്ന അഭിഷേക്, ടെസ്റ്റ് ടീമില്‍ ഇടം നേടാനുള്ള വഴികളെക്കുറിച്ച് തന്നോട് സംസാരിക്കാറുണ്ടെന്നും ലാറ പറഞ്ഞു.
മുംബൈ: അഭിഷേക് ശര്‍മയ്ക്ക് ടെസ്റ്റ് ഫോര്‍മാറ്റിലും കളിക്കാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്ററാണെന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ക്രിക്കറ്റര്‍ ബ്രയാന്‍ ലാറ. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന ആഗ്രഹം അഭിഷേകിനുണ്ടെന്നും ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി യുവരാജ് സിംഗിന്റെ മാര്‍ഗ നിര്‍ദേശപ്രകാരം ഇപ്പോള്‍ പരിശീലനം നടത്തുകയാണെന്നും സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെ ലാറ വെളിപ്പെടുത്തി.
അഭിഷേകിനെ കുറിച്ച് ലാറ സംസാരിച്ചതിങ്ങനെ... ''സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ കാലം തൊട്ട് എനിക്ക് അഭിഷേകിനെ അറിയാം. വിസ്മയിപ്പിക്കുന്ന യുവതാരമാണ് അഭിഷേക്. വളരെ പ്രത്യേകതയുണ്ട് അഭിഷേകിന്. യുവരാജ് സിംഗ് അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുവരാജിന്റെ ബാറ്റിംഗ് വേഗത, അദ്ദേഹം പന്ത് അടിക്കുന്ന രീതി, ലൈനിലൂടെ കളിക്കുന്ന രീതി. ഈ മേഖയിലെല്ലാം യുവരാജ്, അഭിഷേകിനെ സ്വാധീനിച്ചിട്ടുണ്ട്. അഭിഷേക് ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ട്, ടെസ്റ്റ് ടീമില്‍ ഇടം നേടാനുള്ള ഒരു വഴി കണ്ടെത്താന്‍ അദ്ദേഹം ഇപ്പോഴും ആഗ്രഹിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.'' ലാറ വ്യക്തമാക്കി.
യുവരാജിന്റെ മെന്റര്‍ഷിപ്പിന് കീഴില്‍ അഭിഷേക് ഇതിനകം ഏഴ് ടി20 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അതില്‍ രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലാണ്. ഒന്ന് സിംബാബ്വെയ്ക്കെതിരെയും മറ്റൊന്ന് ഇംഗ്ലണ്ടിനെതിരെയും. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാന്‍ ആയിരുന്നു അഭിഷേക്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും അഭിഷേകും ആയിരുന്നു. 200 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സ് നേടി, ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
2026ലെ ടി20 ലോകകപ്പ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കെ, അഭിഷേക് അന്തിമ ടീമില്‍ ഇടം നേടുമെന്നുറപ്പാണ്. എതിരാളികള്‍ ഏറെ ഭയക്കുന്നതും അഭിഷേകിന്റെ ബാറ്റിംഗിനെ ആയിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.



