2024-ലെ സിയറ്റ് മികച്ച ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജു സാംസണ്‍ സ്വന്തമാക്കി. ടി20 ഫോര്‍മാറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്, മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തിയെയും തിരഞ്ഞെടുത്തു. 

മുംബൈ: 2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജു സാംസണ്‍ സ്വന്തമാാക്കി. ടി20 ഫോര്‍മാറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബ്രയാന്‍ ലാറ, രോഹിത് ശര്‍മ എന്നിവരെല്ലാം അടങ്ങുന്ന ചടങ്ങില്‍ സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങി. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ 13 മത്സരങ്ങളില്‍ നിന്ന് 436 റണ്‍സ് സാംസണ്‍ നേടിയിട്ടുണ്ട്, അതില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടും. 2025-ല്‍ ഇതുവരെ ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 183 റണ്‍സ് താരം നേടിയിട്ടുണ്ട്. മൊത്തത്തില്‍, 49 ടി20 മത്സരങ്ങളില്‍ നിന്ന് 147.98 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 993 റണ്‍സാണ് സഞ്ജു നേടിയത്.

ഏഷ്യാ കപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ഏഷ്യാ കപ്പില്‍ തന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത്, എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. എവിടെ കളിക്കുന്നുവെന്നതില്‍ കാര്യമില്ല. അവര്‍ എന്നോട്ട് ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാല്‍, ഞാന്‍ ടീമിന് വേണ്ടി അതും ചെയ്തിരിക്കണം.'' സഞ്ജു.

ഏഷ്യാ കപ്പിന് മുമ്പ് ഓപ്പണറുടെ റോളിലാണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് സ്ഥിരം പൊസിഷന്‍ നല്‍കിയിരുന്നില്ല. ഒമാനെതിരെ മൂന്നമനായി ക്രീസിലെത്തിയ സഞ്ജു, പലപ്പോഴും അഞ്ചാമനായിട്ടാണ് ബാറ്റിംഗിനെത്തിയിരുന്നു. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് പോയതിന് ശേഷവും സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ഓരോ ദിവസവും ധോണി എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശാന്തമായ മനസും തന്ത്രങ്ങളും എന്നെ പുതിയത് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.'' സഞ്ജു വ്യക്തമാക്കി. 2024 ടി20 ലോകകപ്പ് നേട്ടത്തിന്, രോഹിത്തിനോട് നന്ദി പറയാനും സഞ്ജു മറന്നില്ല.

YouTube video player