മുൻപ് സഞ്ജു മധ്യനിരയിൽ മികച്ച ഫിനിഷിംഗ് നടത്തിയപ്പോൾ അഗാർക്കർ തന്നെ താരത്തെ പുകഴ്ത്തുന്ന കമന്ററി വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്.
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു. എന്നിട്ടും അദ്ദേഹത്തെ പരിഗണിച്ചില്ല. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ കെ എല്‍ രാഹുലിന്റെ ബാക്ക് അപ്പ് ആയി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സഞ്ജു സാംസണെ പരിഗണിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സഞ്ജുവിന് പകരം ധ്രുവ് ജുറെലിനെയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത്.
സഞ്ജുവിനെ ടീമിലെടുക്കാത്തതിന് കാരണമായി അഗാര്‍ക്കര്‍ പറഞ്ഞത് സഞ്ജു ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നാണ്. അദ്ദേഹം മധ്യനിരയില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍നിരയില്‍ ഇറങ്ങുന്നതാണെന്നാണ്. മാത്രമല്ല, ധ്രുവ് ജുറല്‍ മിഡില്‍ ഓര്‍ഡര്‍ പ്ലെയറാണെന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു. ഏറെ രസകരമായ കാര്യം എന്തെന്നാല്‍, സഞ്ജു ടി20 ഫോര്‍മാറ്റില്‍ കളിക്കുന്നത് മധ്യനിര താരമായിട്ടാണ്. രസകരമായ മറ്റൊരു കമന്ററിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
2022ല്‍ ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടായിരുന്നു. അന്ന് അഗാര്‍ക്കര്‍ കമന്റേറ്ററാണ്. സഞ്ജു അന്ന് ബാറ്റിംഗിനെത്തിയത് ആറാമനായിട്ട്. മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കില്‍ സഞ്ജു 63 പന്തില്‍ 86 റണ്‍സുമായി പുറത്താവാതെ നിന്നു. 40 ഓവറില്‍ 250 റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനാണ് സാധിച്ചത്. തബ്രൈസ് ഷംസി എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഒരു റണ്‍ വൈഡ് ഇനത്തിലും ലഭിച്ചു. അന്ന് അഗാര്‍ക്കറുടെ കമന്ററി ഇങ്ങനെയായിരുന്നു. ''സഞ്ജുവിന്റേത് ഗംഭീര ഫിനിഷിംഗ് ആയിരുന്നു. കഴിഞ്ഞ ഓവറില്‍ കുറച്ച് പന്തുകള്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മാറ്റമുണ്ടായേനെ. എന്നാല്‍ ആ ഓവറില്‍ അദ്ദേഹത്തിന് ഒരു പന്ത് പോലും കളിക്കാന്‍ ലഭിച്ചില്ല.'' ഇത്തരത്തിലാണ് അഗാര്‍ക്കര്‍ സംസാരിച്ചത്. വീഡിയോ കാണാം...
ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ട് സഞ്ജുവിന്. ഇതുവരെ കളിച്ചത് 16 ഏകദിനങ്ങള്‍, 14 ഇന്നിങ്‌സുകളില്‍ നിന്നായി 56.66 ശരാശരിയില്‍ 510 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു ശതകവും അക്കൗണ്ടിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 99.6 ആണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു സഞ്ജുവിന്റെ ഏക സെഞ്ചുറി. അന്ന് 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ആറ് ഫോറും മൂന്ന് സിക്‌സറുകളും.



