കഴിഞ്ഞ 24 മണിക്കൂനിടെ നിരവധി പേരാണ് ലാറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരന്നത്. മുന്‍ താരത്തിന്റെ കൊവിഡ് ടെസ്റ്റ് ഫലം പോസിറ്റീവായി എന്നായിരുന്നു വാര്‍ത്ത. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തിയിരുക്കുകയാണ് ലാറ. സോഷ്യല്‍ മീഡിയയിലൂടെയാണ് ലാറ തന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന വിവരം പുറത്തുവിട്ടത്.

ഇത്തരം വ്യാജ പ്രചരണങ്ങള്‍ സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദമാക്കി. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രചരണങ്ങള്‍ ഒട്ടും നല്ലതല്ലെന്നും അത് ജനങ്ങളെ കൂടുതല്‍ പേടിപ്പെടുത്തുമെന്നും ലാറ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ... ''കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം വ്യാജപ്രചരണങ്ങളായിരുന്നുവെന്ന് പറയാനാണ് ഈ പോസ്റ്റ്. ലോകം ഒരു മഹമാരിയെ പേടിയോടെ നോക്കികാണുന്ന ഈയൊരു സാഹചര്യത്തില്‍ എന്തിനാണ് ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഇത്തരം വാര്‍ത്തകള്‍ ജനങ്ങളുടെ ആധി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

ഇത്തരം വാര്‍ത്തകള്‍ എന്നെ ബാധിക്കുന്ന വിഷയമല്ല. എന്നാല്‍ രോഗത്തെ നേരിടുന്ന സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതം വലുതാണ്. ഞാന്‍ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. ഫലം നെഗറ്റീവായിരുന്നു. രോഗത്തിന്റെ ഗൗരവം നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ക്ക് സെന്‍സേഷന്‍ വാര്‍ത്തകളുണ്ടാക്കാനുള്ള സമയമല്ല ഇത്. കൊവിഡില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുക.'' ലാറ കുറിച്ചു. 

കഴിഞ്ഞ 24 മണിക്കൂനിടെ നിരവധി പേരാണ് ലാറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 2007ലാണ് ലാറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. കരിയറില്‍ ഒന്നാകെ 22358 റണ്‍സാണ് ലാറ നേടിയത്. ഇതില്‍ 53 സെഞ്ചുറികളും ഉള്‍പ്പെടും. ടെസ്റ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയും ലാറയാണ്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ 400 റണ്‍സാണ് ലാറ നേടിയത്.