വര്‍ക്ക് ലോഡ് പരിഗണിച്ച് ടി20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിലെ നായകസ്ഥാനം ഒഴിയും എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങള്‍ക്ക് മുമ്പ് കോലി അറിയിച്ചത്

ദില്ലി: ടി20 നായകസ്ഥാനം ഒഴിയാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. നായകനായി മികച്ച പ്രകടനമാണ് കോലി കാഴ്‌ചവെച്ചതെന്ന് ലാറ പറഞ്ഞു. വര്‍ക്ക് ലോഡ് പരിഗണിച്ച് ടി20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിലെ നായകസ്ഥാനം ഒഴിയും എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങള്‍ക്ക് മുമ്പ് കോലി അറിയിച്ചത്. 

'ഞാന്‍ ഞെട്ടിത്തരിച്ചു. കാരണം ക്യാപ്റ്റനായി മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെ പരാജയപ്പെടുത്തി. നായകനെന്ന നിലയില്‍ കോലിയുടെ ആദ്യ ടി20 ലോകകപ്പാണിത്. അതിന് ശേഷം സ്ഥാനമൊഴിയേണ്ടിവരുന്നതാണ് വലിയ ഞെട്ടലുണ്ടാക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമുള്ള കോലിയുടെ പങ്കാളിത്തം പരിഗണിക്കുമ്പോള്‍ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നത് ചിലപ്പോള്‍ ഗുണകരമായിരിക്കും. ക്രിക്കറ്റിന്‍റെ മറ്റൊരു ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായേക്കും. ഞാനും കരിയറില്‍ ഇത്തരത്തില്‍ നായകസ്ഥാനം ഒഴിഞ്ഞിരുന്നു' എന്നും ലാറ കൂട്ടിച്ചേര്‍ത്തു. 

യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോലി പ്രഖ്യാപിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

'കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും. ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനമെടുത്തത്' എന്നുമായിരുന്നു കോലിയുടെ വാക്കുകള്‍.

ടീം ഇന്ത്യയെ 45 ടി20 മത്സരങ്ങളില്‍ നയിച്ച കോലി 27 ജയങ്ങള്‍ സ്വന്തമാക്കി. 14 മത്സരങ്ങള്‍ തോറ്റു. കരിയറില്‍ 89 ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ള കോലി 52.65 ശരാശരിയില്‍ 3159 റണ്‍സ് നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ നൂറഴക് വിരിയിക്കാന്‍ ബും ബും എക്‌സ്‌പ്രസ്; ബുമ്ര നാഴികക്കല്ലിനരികെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona