കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കോഴിക്കോടന്‍ ബിരിയാണിയില്ല! പകരം കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്‍റെ കലക്കന്‍ മറുപടി
കളികഴിഞ്ഞ് സോഷ്യല്‍ മീഡിയയിലും കാലിക്കറ്റിന്റെ മറുപടി വന്നു. ബ്ലൂ ടൈഗറിനൊപ്പം കളിയിലെ താരമായ അജ്‌നാസിന്റെ പടം.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ പോര് മുറുകുമ്പോള്‍ സോഷ്യല്‍ മീഡിയയിലും ടീമുകള്‍ ഏറ്റുമുട്ടുകയാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തമ്മിലുള്ള മത്സരമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. കളിക്ക് മുമ്പ് ഗ്ലോബ്സ്റ്റാര്‍സിനെ കളിയാക്കും വിധം കൊച്ചി ടീമിന്റെ ഓഫീഷ്യല്‍ പേജില്‍ ടുഡേയ്‌സ് ലഞ്ച് കോഴിക്കോടന്‍ ബിരിയാണി എന്ന കാര്‍ഡ് പോസ്റ്റ് ചെയ്തു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കൊച്ചിയുടെ പരിഹാസത്തിന് കളത്തില്‍ മറുപടി കൊടുത്തു. 39 റണ്‍സിന്റെ ആധികാരിക ജയം.
കളികഴിഞ്ഞ് സോഷ്യല്‍ മീഡിയയിലും കാലിക്കറ്റിന്റെ മറുപടി വന്നു. ബ്ലൂ ടൈഗറിനൊപ്പം കളിയിലെ താരമായ അജ്‌നാസിന്റെ പടം. പോസ്റ്റിനൊപ്പം 'ആളറിഞ്ഞു കളിക്കെടാ!' എന്ന വരികളും. ഏതായാലും ടീമുകള്‍ തമ്മിലുള്ള പോര് ആരാധകര്‍ക്ക് ഹരമായിട്ടുണ്ട്. രണ്ട് പോസ്റ്റുകളും വൈറലായി. പോസ്റ്റുകള്‍ കാണാം...
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്സ്റ്റാര്‍സ് 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എം അജിനാസ് (57), സല്‍മാന്‍ നിസാര്‍ (57) എന്നിവരാണ് തിളങ്ങിയത്. ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ബ്ലൂടൈഗേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. അഖില്‍ സ്‌കറിയ നാല് വിക്കറ്റ് നേടി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ബ്ലൂ ടൈഗേഴ്സിന് ലഭിച്ചത്. തുടക്കത്തില്‍ രണ്ടിന് 39 എന്ന നിലയിലേക്ക് അവര്‍ വീണു. ആനന്ദ് കൃഷ്ണന്‍ (4), ജോബിന്‍ ജോബി (16) എന്നിവരുടെ വിക്കറ്റുകളാണ് നേരത്തെ വീണത്. പിന്നീട് ഷോണ്‍ റോജറിന്റെ (45) ഇന്നിംഗ്സാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്ഷീണം മാറ്റിയത്. അനുജ് ജോടിന്‍ (20), സിജോമോന്‍ ജോസഫ് (22), മനുകൃഷ്ണന്‍ (24), നിഖില്‍ തൊട്ടത്ത (6), ശ്രേയസ് കെ വി (3), ബേസില്‍ തമ്പി (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജെറന്‍ പി എസ് (2) പുറത്താവാതെ നിന്നു.
നേരത്തെ, ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടി 36 പന്തില്‍ നിന്ന് അജിനാസ് അര്‍ധ സെഞ്ചുറി തികച്ചു. ഷൈന്‍ ജോണ്‍ ജേക്കബിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്താകുമ്പോള്‍ 39 പന്തില്‍ രണ്ട് സിക്‌സും എട്ടു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് അജിനാസ് സ്വന്തമാക്കിയിരുന്നു. സല്‍മാന്‍ നിസാര്‍ 36 പന്തില്‍ നിന്ന് ഒരു സിക്‌സറും നാലു ബൗണ്ടറിയും ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ചുറി തികച്ചത്. 39 പന്തില്‍ ഒരു സിക്‌സും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 55 റണ്‍സ് എടുത്ത സല്‍മാനെ ബേസില്‍ തമ്പിയാണ് പുറത്താക്കിയത്. 19 പന്തില്‍ 37 റണ്‍സെടുത്ത അന്‍ഫല്‍ പി എം ഗ്ലോബ് സ്റ്റാര്‍സിന്റെ സ്‌കോര്‍ കുത്തനെ ഉയര്‍ത്തി.