ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കൺസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ സിദ്ദേശ് ലാഡ് നയിച്ച മറാത്ത റോയല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മുംബൈ: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ആറ് റണ്‍സിന് തോറ്റ് കിരീടം കൈവിട്ടതിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടുമൊരു ഫൈനല്‍ തോല്‍വി. ഇത്തവണ മുംബൈ ടി20 ലീഗ് കിരീടപ്പോരാട്ടത്തിലാണ് ശ്രേയസ് അയ്യരുടെ ടീമായ മുംബൈ ഫാല്‍ക്കണ്‍സ് മുംബൈ സൗത്ത് സെന്‍ട്രൽ മറാത്ത റോയല്‍സിനോട് അ‍ഞ്ച് വിക്കറ്റിന് തോറ്റത്.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കൺസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സടിച്ചപ്പോള്‍ സിദ്ദേശ് ലാഡ് നയിച്ച മറാത്ത റോയല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഫാല്‍ക്കൺസ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ റോയല്‍സിനായി ചിന്‍മയ് രാജേഷ് സുതാര്‍(49 പന്തില്‍ 53), അവൈസ് ഖാന്‍ നൗഷാദ്(24 പന്തില്‍ 38), ഷാഹില്‍ ഭഗവന്ത ജാദവ്(12 പന്തില്‍ 22) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. മറാത്ത റോയല്‍സിനായി കാര്‍ത്തിക് മിശ്രയും യാഷ് ഡിച്ചോല്‍ക്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Scroll to load tweet…

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സിന് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെ നേടാനായുള്ളു. ഓപ്പണര്‍ അംഗ്രിഷ് രഘുവംശി(7) നിരാശപ്പെടുത്തിയപ്പോള്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ക്കും(17 പന്തില്‍ 12) കാര്യമായി ഒന്നും ചെയ്യാനായില്ല. ഒമ്പതാം ഓവറില്‍ 54-3 എന്ന സ്കോറില്‍ പതറിയ ഫാല്‍ക്കണ്‍സിനെ അഞ്ചാം വിക്കറ്റില്‍ മയൂരേഷ് ടാന്‍ഡലും(32 പന്തില്‍ 50*), ഹര്‍ഷ് അഗവും(28 പന്തില്‍ 45*)ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റോയല്‍സിനായി വൈഭവ് മാലി രണ്ട് വിക്കറ്റെടുത്തു.

Scroll to load tweet…

10 ദിവസത്തെ ഇടവേളയില്‍ രണ്ട് ഫൈനലുകള്‍ തോല്‍ക്കുക എന്നത് ഒട്ടും ദഹിക്കുന്ന കാര്യമല്ലെങ്കിലും തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ശ്രേയസ് അയ്യര്‍ മത്സരശേഷം പറഞ്ഞു. തോല്‍വിക്ക് ആരയെങ്കിലും കുറ്റപ്പെടുത്തുന്നത് അവരെ പിന്നില്‍ നിന്ന് കുത്തുന്നതുപോലെയാണെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. ഇന്ത്യൻ ഏകദിന ടീം നായകന്‍ രോഹിത് ശര്‍മയാണ് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുള്ള മെഡലുകള്‍ സമ്മാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക