ദിഗ്‌വേഷ് നിങ്ങളുടെ മകനായിരുന്നെങ്കില്‍ ഇത് പറയുമായിരുന്നോ. കളിക്കാരന്‍റെ അപ്പീല്‍ ക്യാപ്റ്റൻ ഇടപെട്ട് പിന്‍വലിച്ച് കോടിക്കണക്കിനാളുകളുടെ മുമ്പില്‍ അവന്‍ അപമാനിതനായി നില്‍ക്കുന്നത് നിങ്ങള്‍ സഹിക്കുമായിരുന്നോ.ക്യാപ്റ്റന്‍റെ പണിയെന്ന് പറയുന്നത് സ്വന്തം ടീം അംഗങ്ങളെ പിന്തുണക്കുക എന്നതാണ്.
ലക്നൗ: ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ജിതേഷ് ശര്‍മയെ മങ്കാദിംഗിലൂടെ പുറത്താക്കിയ ദിഗ്‌വേഷ് റാത്തിയുടെ അപ്പീല്‍ പിന്‍വലിച്ച ലക്നൗ നായകന്‍ റിഷഭ് പന്തിനെതിരെ ചെന്നൈ താരം ആര്‍ അശ്വിന്‍. സഹതാരത്തെ കൊച്ചാക്കുന്ന പണിയല്ല ക്യാപ്റ്റന്‍ ഗ്രൗണ്ടിൽ ചെയ്യേണ്ടതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ദിഗ്‌വേഷ് റാത്തി എന്‍റെ ബന്ധുവല്ല, എന്‍റെ സുഹൃത്തുമല്ല, ആയാള്‍ ആരെന്ന് പോലും എനിക്കറിയില്ല, പക്ഷെ ജിതേഷ് ശര്‍മയെ മങ്കാദിംഗിലൂടെ റണ്ണൗട്ടാക്കിയതിനുശേഷം റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചത് അവനെ ശരിക്കും മുറിവേല്‍പ്പിക്കുമെന്ന് ഉറപ്പാണ്. കോടിക്കണക്കിനാളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു മത്സരത്തില്‍ റണ്ണൗട്ടിനായുള്ള അപ്പീല്‍ പിന്‍വലിച്ചതിലൂടെ അവനെ അപമാനിക്കുകയായിരുന്നു, ബൗളര്‍മാരെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു.
നിയപരമായി അത് ഔട്ടാണോ നോട്ടൗട്ടാണോ എന്നതല്ല വിഷയം. സാങ്കേതികമായി നോക്കുകയാണെങ്കില്‍ ജിതേഷ് ശര്‍മയെ ദിഗ്‌വേഷ് റണ്ണൗട്ടാക്കിയിട്ടില്ല. പക്ഷെ അപ്പോഴും ഗിദ്‌വേഷ് ചെയ്തത് ശരിയായിരുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അമ്പയര്‍ മൈക്കല്‍ ഗഫ് ദിഗ്‌വേഷിനോട് അപ്പീലില്‍ ഉറച്ചുനില്‍ക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നാണ് അവന്‍ ഉത്തരം നല്‍കിയത്. അതുകൊണ്ടാണ് ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടത്.
ഡെലിവെറി സ്ട്രൈഡ് പൂര്‍ത്തിയായതിനാല്‍ ദിഗ്‌വേഷിന്‍റെ റണ്ണൗട്ട് നിലനില്‍ക്കില്ലെന്ന തേര്‍ഡ് അമ്പയറുടെ തീരുമാനം ശരിയുമായിരുന്നു. അതുവരെ എല്ലാം ഓക്കെയാണ്. ബൗളര്‍ റണ്ണൗട്ടാക്കുന്നു, അപ്പീല്‍ ചെയ്യുന്നു, റിപ്ലേകളില്‍ റണ്ണൗട്ടല്ലെന്ന് വ്യക്തമാവുന്നു. പക്ഷെ പിന്നീട് സംഭവിച്ചതാണ് ശരിക്കും അത്ഭുതപ്പെടുത്തിയത്. കമന്‍റേറ്റര്‍മാര്‍ പറഞ്ഞത് റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചുവെന്നാണ്. സ്പോര്‍ട്സ്മാന്‍ഷിപ്പിന്‍റെ ഉദാത്ത മാതൃകയെന്ന് അവര്‍ വാഴ്ത്തുകയും ചെയ്തു.
ഞാന്‍ ചോദിക്കട്ടെ, ദിഗ്‌വേഷ് നിങ്ങളുടെ മകനായിരുന്നെങ്കില്‍ ഇത് പറയുമായിരുന്നോ. കളിക്കാരന്‍റെ അപ്പീല്‍ ക്യാപ്റ്റൻ ഇടപെട്ട് പിന്‍വലിച്ച് കോടിക്കണക്കിനാളുകളുടെ മുമ്പില്‍ അവന്‍ അപമാനിതനായി നില്‍ക്കുന്നത് നിങ്ങള്‍ സഹിക്കുമായിരുന്നോ.ക്യാപ്റ്റന്‍റെ പണിയെന്ന് പറയുന്നത് സ്വന്തം ടീം അംഗങ്ങളെ പിന്തുണക്കുക എന്നതാണ്. അല്ലാതെ സ്വന്തം ടീം അംഗത്തെ മറ്റുള്ളവരുടെ മുമ്പില്‍ കൊച്ചാക്കുകയല്ലെന്നും അശ്വിന്‍ പറഞ്ഞു. ഇത്തരമൊരു സംഭവത്തിനുശേഷം തീരെ ചെറുതായി പോയതായി ദിഗ്‌വേഷിന് തോന്നിയാല്‍ അവനെ കുറ്റം പറയാനാവില്ല. ഇനിയൊരിക്കലും അവന്‍ അത്തരമൊരു റണ്ണൗട്ടിന് ശ്രമിക്കുമെന്ന് കരുതുന്നില്ല. കാരണം അത്രമാത്രം അപമാനം അവന്‍ നേരിട്ടുവെന്നും അശ്വിന്‍ പറഞ്ഞു.


