മധ്യനിരയില്‍ വിരാട് കോലി ഒഴിച്ചിട്ട നാലാം നമ്പറിലേക്ക് ശ്രേയസിന്‍റെയും മലയാളി താരം കരുണ്‍ നായരുടെയും പേരുമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത്. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധേയമായ അസാന്നിധ്യം ശ്രേയസ് അയ്യരുടേതായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്നു. 

രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴും ശ്രേയസിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. മധ്യനിരയില്‍ വിരാട് കോലി ഒഴിച്ചിട്ട നാലാം നമ്പറിലേക്ക് ശ്രേയസിന്‍റെയും മലയാളി താരം കരുണ്‍ നായരുടെയും പേരുമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുണ്‍ നായര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ അസാമാന്യ പ്രകടനം നടത്തിയതാണ് കരുണ്‍ നായരുടെ തിരിച്ചുവരവിന് കാരണമായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിട്ടും എന്തുകൊണ്ട് ശ്രേയസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.

Scroll to load tweet…

കഴി‌ഞ്ഞ ദിവസം ദില്ലിയില്‍ ഗോസ്വാമി ഗണേഷ് ദത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീറിനോടും മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. എന്തുകൊണ്ടാണ് ശ്രേയസിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെടുക്കാതിരുന്നത് എന്ന ചോദ്യത്തിന് താന്‍ സെലക്ടറല്ല എന്ന ഒറ്റവാക്കിലുള്ള മറുപടിയായിരുന്നു ഗംഭീര്‍ നല്‍കിയത്. ശ്രേയസിനെ തഴഞ്ഞതിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും സെലക്ടര്‍മാരുടെ ചുമലിലേക്ക് വെക്കുകയായിരുന്നു ഗഭീര്‍ എന്ന് വിലയിരുത്തലുമുണ്ട്. 

കഴിഞ്ഞ ര‍ഞ്ജി ട്രോഫിയില്‍ മുംബൈക്കായി അഞ്ച് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി അടക്കം 68.57 ശരാശരിയില്‍ 480 റണ്‍സടിച്ച് ശ്രേയസ് തിളങ്ങിയിരുന്നു. അതിന് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്കോററായും ശ്രേയസ് തിളങ്ങി. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ ഉണ്ടായിരുന്ന ബലഹീനതയും ശ്രേയസ് മറികടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക