ക്യാച്ചസ് വിൻ മാച്ചസ് എന്ന വാചകം കമന്ററി ബോക്സില്‍ ഉയരുന്നത് പലപ്പോഴും കേള്‍ക്കാറുണ്ട്, അത് ഈ സീസണില്‍ ചേരുന്ന ഒന്നല്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു
എന്തുകൊണ്ട് ഐപിഎല്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗാണെന്ന് വിലയിരുത്തപ്പെടുന്നു. ടൂര്‍ണമെന്റിന്റെ നിലവാരം, അത് മൈതാനത്തും പുറത്തെടുക്കുന്ന ടീമുകള്‍, ലോകത്തര താരങ്ങളുടെ സാന്നിധ്യം. ബാറ്റിങ്ങിലും ബൗളിങ്ങിലും പുതിയ ബെഞ്ചുമാര്‍ക്കുകള്‍ വര്‍ഷാവര്‍ഷം സൃഷ്ടിക്കാൻ ഐപിഎല്ലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍, ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ അത്തരമൊരു മുന്നേറ്റമുണ്ടാകുന്നുണ്ടോ, ഇല്ലെന്നാണ് കഴിഞ്ഞ കുറച്ച് സീസണുകള്‍ തെളിയിക്കുന്നത്.
ക്യാച്ചസ് വിൻ മാച്ചസ് എന്ന വാചകം കമന്ററി ബോക്സില്‍ ഉയരുന്നത് പലപ്പോഴും കേള്‍ക്കാറുണ്ട്. അത്ഭുത ക്യാച്ചുകള്‍ക്കൊണ്ടും ഫീല്‍ഡിങ് മികവുകൊണ്ടും അമ്പരപ്പിക്കുന്ന നിമിഷങ്ങളുണ്ടാകുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ഹൈ സ്റ്റാൻഡേര്‍ഡില്‍ തന്നെയാണ് ഫീല്‍ഡിലെ പ്രകടനം. സക്ഷ്മപരിശോധന നടത്തിയാല്‍ വ്യത്യാസം കാണാനാകും. കൈവിടുന്ന ക്യാച്ചുകളുടെ എണ്ണം ചെറുതല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ടൂര്‍ണമെന്റ് പാതി പിന്നിട്ടിരിക്കുന്നു, പ്ലെ ഓഫീലേക്കുള്ള ജൈത്രയാത്ര ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ആദ്യ 40 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 400ലധികം അവസരങ്ങള്‍ ഫീല്‍ഡര്‍മാരെ തേടിയെത്തി. 111 ക്യാച്ചുകള്‍ ഡ്രോപ് ചെയ്തിരിക്കുന്നു. ക്യാച്ചിങ് എഫിഷൻസ് 76 ശതമാനം മാത്രമാണ്. അതായത് നാല് അവസരങ്ങള്‍ ബാറ്റര്‍മാര്‍ സമ്മാനിച്ചാല്‍ ഒന്ന് കൈവിടുമെന്ന് ചുരുക്കം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ചരിത്രം പരിശോധിച്ചാല്‍ ആദ്യ പകുതിയിലെ ഏറ്റവും മോശം ക്യാച്ചിങ് എഫിഷൻസി ഇത്തവണയാണ്. ഒൻപത് ക്യാച്ചുകള്‍ വീതം കൈവിട്ട രണ്ട് മത്സരങ്ങള്‍ സീസണിലുണ്ടായി. ഒന്ന് രാജസ്ഥാൻ-ബെംഗളൂരു മത്സരവും മറ്റൊന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടവും. മിസ് ഫീല്‍ഡിന്റേയും റണ്ണൗട്ട് അവസരങ്ങള്‍ പാഴാക്കിയതിന്റേയും എണ്ണം പോയ വര്‍ഷത്തിനേക്കാള്‍ ഇരട്ടിയാണ്.
ഏറ്റവും മികച്ച ഫീല്‍ഡിങ് പ്രകടനം സീസണില്‍ കാഴ്ചവെച്ചത് മുംബൈ ഇന്ത്യൻസാണ്. ആദ്യ എട്ട് മത്സരത്തിലെ മുംബൈയുടെ ക്യാച്ചിങ് എഫിഷൻസി 83.6 ശതമാനമാണ്. ഇതുവരെ പാഴാക്കിയത് എട്ട് ക്യാച്ചുകള്‍ മാത്രം. ബെംഗളൂരുവും കൊല്‍ക്കത്തയുമാണ് തൊട്ടുപിന്നിലായുള്ളത്. 35 വീതം അവസരങ്ങള്‍ ലഭിച്ച ഇരുടീമുകളും 28 എണ്ണവും കൈപ്പിടിയിലൊതുക്കി.
ഫീല്‍ഡിലെ ഏറ്റവും ചോര്‍ച്ചയുള്ള കൈകള്‍ ചെന്നൈയുടേതാണ്. 65 ശതമാനത്തിലും താഴെയാണ് ചെന്നൈയുടെ ക്യാച്ചിങ് എഫിഷൻസി. ഡല്‍ഹി ക്യാപിറ്റല്‍സിന്റേയും പഞ്ചാബ് കിംഗ്സിന്റേയും സ്ഥിതി വ്യത്യസ്തമല്ലെന്ന് പറയാം. 70ല്‍ താഴെ ക്യാച്ചിങ് എഫിഷൻസിയുള്ള മൂന്ന് ടീമുകള്‍ ചെന്നൈയും ഡല്‍ഹിയും പഞ്ചാബും മാത്രമാണ്.
ഫീല്‍ഡില്‍ ഭാഗ്യം ഏറ്റവും കൂടുതല്‍ കടാക്ഷിച്ച ടീം രാജസ്ഥാൻ റോയല്‍സാണ്. 17 തവണയാണ് എതിര്‍ ഫീല്‍ഡര്‍മാര്‍ രാജസ്ഥാന്റെ ബാറ്റര്‍മാര്‍ക്ക് ലൈഫ് നല്‍കിയത്. ഗുജറാത്ത് ടൈറ്റൻസ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളും എതിരാളികളുടെ വീഴ്ചകളില്‍ നിന്ന് ഇന്നിങ്സുകള്‍ പടുത്തുയര്‍ത്തിയിട്ടുള്ളവവരാണ്.
ലൈഫ് ലഭിച്ചതിന് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയത് പഞ്ചാബിന്റെ പ്രിയാൻഷ് ആര്യയാണ്. പ്രിയാൻഷിനെ അഞ്ച് തവണയാണ് എതിരാളികള്‍ കൈവിട്ടത്. 137 റണ്‍സ് പ്രിയാൻഷിന് പിന്നീട് നേടാനായിട്ടുണ്ട്. ചെന്നൈക്കെതിരെ പിറന്ന സെഞ്ച്വറി ഇന്നിങ്സില്‍ പ്രിയാൻഷ് നല്‍കിയ മൂന്ന് അവസരങ്ങള്‍ കൈപ്പിടിയിലൊതുക്കാൻ മുൻ ചാമ്പ്യന്മാര്‍ക്കായില്ല.
ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ ലഭിച്ച രണ്ട് ലൈഫില്‍ നിന്ന് 122 റണ്‍സ് അടിച്ചെടുത്തു. ഡല്‍ഹി താരം കെഎല്‍ രാഹുലിനേയും എതിരാളികള്‍ രണ്ട് തവണ കൈവിട്ടു, വഴങ്ങേണ്ടി വന്നത് 86 റണ്‍സ്. ബെംഗളൂരുവിന്റെ വിരാട് കോലി തനിക്ക് കിട്ടിയ രണ്ട് അവസരങ്ങളില്‍ നിന്ന് 84 റണ്‍സ് ടീമിന് സംഭാവന ചെയ്തു. ഷിമ്രോണ്‍ ഹെറ്റ്മയറിനും ലഭിച്ചു അഞ്ച് ലൈഫ്, പക്ഷേ കാര്യമായി അത് മുതലാക്കാൻ താരത്തിനാകാതെ പോയി.
