മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഡക്കറ്റ് - സാക് ക്രൗളി (15) സഖ്യം 89 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്രൗളിയെ പുറത്താക്കി അശ്വിന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു.

രാജ്‌കോട്ട്: ഇന്ത്യക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ മറുപടി. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445 പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 207 റണ്‍സെടുത്തിട്ടുണ്ട്. ബെന്‍ ഡക്കറ്റ് (133), ജോ റൂട്ട് (9) എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാനും അശ്വിനായി. നേരത്തെ, രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറല്‍ (46), ആര്‍ അശ്വിന്‍ (37), ജസ്പ്രിത് ബുമ്ര (26) നിര്‍ണായക സംഭാവന നല്‍കി. മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഡക്കറ്റ് - സാക് ക്രൗളി (15) സഖ്യം 89 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്രൗളിയെ പുറത്താക്കി അശ്വിന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. താരത്തിന്റെ 500-ാം വിക്കറ്റായിരുന്നു അത്. അശ്വിനെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ രജത് പടിദാറിന് ക്യാച്ച്. മറുവശത്തെ ഡക്കറ്റ് തന്റെ ആക്രമണ ശൈലി തുടര്‍ന്നു. മൂന്നാം വിക്കറ്റില്‍ ഒല്ലി പോപ്പിനൊപ്പം 93 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ പോപ്പിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതിനിടെ ഡക്കറ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 118 പന്തുകള്‍ നേരിട്ട ഡക്കറ്റ് രണ്ട് സിക്‌സും 21 ഫോറും നേടി. 

നേരത്തെ, അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റും നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍ മാത്രമാണ് കുല്‍ദീപ് കൂട്ടിചേര്‍ത്തത്. ജഡേജയും തുടക്കത്തില്‍ മടങ്ങി. വ്യക്തിഗത സ്‌കോറിനോട് രണ്ട് മാത്രമാണ് ജഡേജയ്ക്ക് കൂട്ടിചേര്‍ക്കാനായത്. റൂട്ടിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങുന്നത്. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. 

അശ്വിന്‍ ഗംഭീര പണി തന്നു! ആദ്യ പന്തെറിയും മുമ്പ് ഇംഗ്ലണ്ടിന് അഞ്ച് റണ്‍; കാരണം അറിയാം

തുടര്‍ന്ന് ക്രീസിലൊന്നിച്ച ജുറല്‍ - അശ്വിന്‍ കൂട്ടുകെട്ട് നിര്‍ണായകമായി. 77 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ജുറല്‍ അരങ്ങേറ്റക്കാരന്റെ ബുദ്ധിമുട്ടൊന്നും കാണിക്കാതെ ബാറ്റ് വീശി. എന്നാല്‍ അശ്വിനെ ആന്‍ഡേഴ്‌സണിന്റെ കൈകളിലെത്തിച്ച് റെഹാന്‍ ബ്രേക്ക് ത്രൂ നല്‍കി. ജൂറലിനേയും റെഹാന്‍ തന്നെ വീഴ്ത്തി. മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് ജുറലിന്റെ ഇന്നിംഗ്‌സ്. വാലറ്റത്ത് ബുമ്രയും ഉത്തരവാദിത്തം കാണിച്ചു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് ബുമ്രയുടെ ഇന്നിംഗ്‌സ്. വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 

രോഹിത്തിന്റെയും ജഡേജയുടെയും രക്ഷാപ്രവര്‍ത്തനം

മൂന്നിന് 33 എന്ന നിലയില്‍ പ്രതിരോധത്തിലായ ഇന്ത്യയെ രോഹിത്തും ജഡേജയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് സ്പിന്നര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആക്രമിച്ചു. ഇതിനിടെ ടോം ഹാര്‍ട്ലിയുടെ പന്തില്‍ രോഹിത് സ്ലിപ്പില്‍ നല്‍കിയ പ്രയാസമേറിയ ക്യാച്ച് ജോ റൂട്ട് കൈവിട്ടു. ഇന്ത്യന്‍ സ്‌കോര്‍ 50ല്‍ നില്‍ക്കെയായിരുന്നു ഇത്. പിന്നാലെ ആന്‍ഡേഴ്‌സന്റെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. പിന്നീട് ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ ഇരുവരും ഇന്ത്യയെ മുന്നോട്ട് നയിച്ചു. 71 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത് 157 പന്തില്‍ സെഞ്ചുറിയിലെത്തി. ആദ്യ ദിനം രണ്ടാം സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ ഇംഗ്ലണ്ട് വിയര്‍ത്തു.

അശ്വിന്‍ ബോധപൂര്‍വം ചെയ്തതാണ്! ഇന്ത്യന്‍ സ്പിന്നര്‍ക്ക് നേരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍

ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവില്‍ മാര്‍ക്ക് വുഡിന്റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ പുറത്തായി. പിന്നീടെത്തിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റക്കാരന്റെ പതര്‍ച്ചയില്ലാതെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ സുരക്ഷിത സ്‌കോറിലേക്ക് നീങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ താരം നേടുന്ന അതിവേഗ ഫിഫ്റ്റി(48) പന്തില്‍ സ്വന്തമാക്കിയ സര്‍ഫറാസ് ആദ്യ ദിനം കളി അസാനിക്കുന്നതിന് തൊട്ടു മുമ്പ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 62റണ്‍സെടുത്ത് സര്‍ഫറാസ് പുറത്തായശേഷം 198 പന്തില്‍ സെഞ്ചുറിയിലെത്തിയ ജഡേജ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ആദ്യദിനം 326ല്‍ എത്തിച്ചു.