വിഹാന്‍ മല്‍ഹോത്രയുടെ അപരാജിത സെഞ്ചുറിയും (109*), അഭിഗ്യാന്‍ കുണ്ടു (61), വൈഭവ് സൂര്യുവന്‍ഷി (52) എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യയെ 8 വിക്കറ്റിന് 352 എന്ന നിലയിലെത്തിച്ചത്.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെയ്ക്ക് മുന്നില്‍ 353 റണ്‍സിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. വിഹാന്‍ മല്‍ഹോത്രയുടെ (107 പന്തില്‍ പുറത്താവാതെ 109) സെഞ്ചുറിയും അഭിഗ്യാന്‍ കുണ്ടു (62 പന്തില്‍ 61), വൈഭവ് സൂര്യുവന്‍ഷി (30 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തദേന്ദ ചിമുഗോരോ മൂന്നും പനാഷെ മാസൈ, സിംബരാഷെ മുഡ്സെന്‍ഗെരെരെ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ വിക്കറ്റ് അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 44 റണ്‍സാണ് ഉണ്ടായിരുന്നത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്ക്ക് (21) നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. വൈഭവിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്ത് മാത്ര മടങ്ങി. വൈകാതെ വൈഭവിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 30 പന്തുകള്‍ നേരിട്ട താരം നാല് വീതം സിക്‌സും ഫോറും നേടി. വേദാന്ത് ത്രിവേദിയും (15) നിരാശപ്പെടുത്തിയതോടെ നാലിന് 130 എന്ന നിലയിലായി ഇന്ത്യ.

ചെറിയ തകര്‍ച്ച നേരിട്ടെങ്കിലും മല്‍ഹോത്ര - കുണ്ടു സഖ്യത്തിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ ഇരുവരും 113 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 36-ാം ഓവറില്‍ കുണ്ടു പോയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. കനിഷ്‌ക് ചൗഹാനും (3) തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ആര്‍ എസ് ആംബ്രിഷ് (21), ഖിളന്‍ പട്ടേല്‍ (12 പന്തില്‍ 30) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഇന്ത്യയുടെ സ്‌കോര്‍ 350 കടത്താന്‍ സഹായിച്ചു. ഹെനില്‍ പട്ടേല്‍ (2), മല്‍ഹോത്രയ്‌ക്കൊപ്പം പുറത്താവാത നിന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മല്‍ഹോത്രയുടെ ഇന്നിംഗ്‌സ്.

YouTube video player