Asianet News MalayalamAsianet News Malayalam

ക്യാച്ച് എടുക്കുന്നതിനിടെ പന്ത് മുഖത്ത് വീണു, ലങ്കന്‍ താരത്തിന്‍റെ നാല് പല്ലുകള്‍ പോയി

ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ ചാമികയുടെ മുഖത്ത് പന്ത് വീഴുന്നതും പല്ലുകളില്‍ നിന്ന് രക്തം വരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം

Chamika Karunaratne loses four teeth while trying to take catch in Lanka Premier League
Author
First Published Dec 8, 2022, 6:21 PM IST

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡിംഗിനിടെ പന്ത് കൊണ്ട് ഓള്‍റൗണ്ടര്‍ ചാമിക കരുണരത്‌നെക്ക് നാല് പല്ലുകള്‍ നഷ്ടമായി. കാന്‍ഡി ഫാല്‍ക്കണ്‍സും ഗോള്‍ ഗ്ലാഡിയേറ്റേര്‍സും തമ്മിലുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത് എന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ ചാമികയുടെ മുഖത്ത് പന്ത് വീഴുന്നതും പല്ലുകളില്‍ നിന്ന് രക്തം വരുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 

അപകടത്തിന് തൊട്ടുപിന്നാലെ ചാമിക കരുണരത്‌നെയെ ഗോളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് റിപ്പോര്‍ട്ട്. ഓള്‍റൗണ്ടറുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്ന് കാന്‍ഡി ഫാല്‍ക്കണ്‍സ് ടീം ഡയറക്ട‍ര്‍ അറിയിച്ചു. 

ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ഫാല്‍ക്കണ്‍സിന്‍റെ താരമാണ് ചാമിക കരുണരത്‌നെ. ഗ്ലാഡിയേറ്റര്‍ ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്‍റെ ഓവറില്‍ നുവാനിദു ഫെര്‍ണാണ്ടോയുടെ ഷോട്ടില്‍ പിന്നോട്ടോടി ക്യാച്ച് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു ചാമിക കരുണരത്‌നെ. പന്ത് മുഖത്ത് കൊണ്ട് ചോര പൊടിഞ്ഞെങ്കിലും കരുണരത്‌നെ ക്യാച്ച് പൂര്‍ത്തിയാക്കി. 8 പന്തില്‍ 13 റണ്‍സേ ഫെര്‍ണാണ്ടോ നേടിയുള്ളൂ. പരിക്ക് പറ്റി പുറത്തുപോയതോടെ ചാമികയ്ക്ക് ഒരു പന്ത് പോലും എറിയാനുള്ള അവസരം ലഭിച്ചില്ല. ബാറ്റിംഗിനും ഇറങ്ങാനായില്ല. 

മത്സരം ഫാല്‍ക്കണ്‍സ് 30 പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗോള്‍ ഗ്ലാഡിയേറ്റേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് 121 റണ്‍സേ നേടിയുള്ളൂ. 40 റണ്‍സെടുത്ത മൊവീന്‍ സുബസിംഹയായിരുന്നു ടോപ് സ്കോറര്‍. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് നാലും സഹൂര്‍ ഖാന്‍ രണ്ടും ഇസുരു ഉഡാനയും വനിന്ദു ഹസരങ്കയും ഓരോ വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിംഗില്‍ വെറും 15 ഓവറില്‍ കാന്‍ഡി ഫാല്‍ക്കണ്‍സ് ജയത്തിലെത്തി. 44 റണ്‍സുമായി കാമിന്ദു മെന്‍ഡിസായിരുന്നു വിജയശില്‍പി. 

വരുന്നു കങ്കാരുക്കള്‍ ഇന്ത്യയിലേക്ക്; ടെസ്റ്റ്, ഏകദിന മത്സരക്രമം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios