ചേസ് മാസ്റ്ററായ വിരാട് കോലിയുടെ ഇന്നിംഗ്സായിരിക്കും ഇന്ത്യക്ക് റണ്‍ചേസില്‍ നിര്‍ണായകമാകുക.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയത് 265 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ 300 കടന്നില്ലെന്ന് ആശ്വസിക്കുമ്പോഴും ഇന്ത്യക്ക് ഇന്ന് മറികടക്കേണ്ടത് ഈ ടൂര്‍ണമെന്‍റില്‍ ദുബായിലെ ഏറ്റവും വലിയ വിജയലക്ഷ്യമാണെന്നതാണ് ആശങ്ക.
ട്രാവിസ് ഹെഡിന്‍റെ തുടക്കത്തിലെ അടിയില്‍ ഇന്ത്യ ഒന്ന് പകച്ചെങ്കിലും ഹെഡിനെ മടക്കിയതോടെ ശ്വാസം നേരെ വീണിരുന്നു. എന്നാല്‍ ഭാഗ്യത്തിന്‍റെ പിന്തുണയോടെ ക്രീസില്‍ നിന്ന നായകന്‍ സ്റ്റീവ് സ്മിത്ത് മുന്നില്‍ നിന്ന് നയിച്ചതോടെയാണ് ഓസീസ് മികച്ച സ്കോര്‍ കുറിച്ചത്. 37ാം ഓവറില്‍ സ്മിത്തിന്‍റെയും പിന്നാലെ മാക്സ്‌വെല്ലിന്‍റെയും വിക്കറ്റുകള്‍ വീണപ്പോള്‍ ഓസീസിനെ 250ല്‍ താഴെ ഒതുക്കാമെന്ന് കരുതിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തത് അലക്സ് ക്യാരിയുടെ ഇന്നിംഗ്സാണ്. 57 പന്തില്‍ 61 റണ്‍സെടുത്ത ക്യാരി റണ്ണൗട്ടായില്ലായിരുന്നെങ്കില്‍ ഇന്ത്യൻ ലക്ഷ്യം 280 കടക്കുമായിരുന്നു.
ചേസ് മാസ്റ്ററായ വിരാട് കോലിയുടെ ഇന്നിംഗ്സായിരിക്കും റണ്‍ചേസില്‍ നിര്‍ണായകമാകുക. ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നല്‍കുന്ന തുടക്കവും പ്രധാനമാണ്. ഇരുവരും ചേര്‍ന്ന് നല്ല തുടക്കമിട്ടാല്‍ കോലിക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും. ഓസീസ് നിരയില്‍ ആദം സാംപയ്ക്കും തന്‍വീര്‍ സംഗക്കും പുറമെ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും ട്രാവിസ് ഹെഡിന്‍റെയും പാര്‍ട് ടൈം സ്പിന്നും ഇന്ത്യക്ക് വെല്ലുവിളിയാകും.
ന്യൂസിലന്‍ഡിനെതിരെ എന്നപോലെ ഇന്ത്യൻ സ്പിന്നര്‍മാരെ വരിഞ്ഞുമുറുക്കാന്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ നേടി സമ്മര്‍ദ്ദം ഒഴിവാക്കിയാണ് സ്മിത്തും ക്യാരിയും ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 228 റണ്‍സായിരുന്നു ഇവിടെ അടിച്ചത്. അത് പിന്തുടരാന്‍ ഇന്ത്യ ഒന്ന് വിയര്‍ക്കുകയും ചെയ്തു.
രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 249 റണ്‍സെടുത്ത ഇന്ത്യ ന്യൂസിലൻഡിനെതിരെ അത് വിജയകരമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന പിച്ചില്‍ ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
