സഞ്ജു സാംസണല്ല, ചാമ്പ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ടീമിലേക്ക് വമ്പൻ തിരിച്ചുവരാനൊരുങ്ങി മറ്റൊരു മലയാളി താരം
2016ല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരായ തന്‍റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു.

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നതാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനങ്ങളിലൂടെ ചാമ്പ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ടീമിലേക്ക് വമ്പന്‍ തിരിച്ചുവവരവിനൊരുങ്ങുന്നത് മറ്റൊരു മലയാളി താരമാണ്. വിജയ് ഹസാരെയില്‍ വിദര്‍ഭക്കായി മിന്നും ഫോമിലുള്ള കരുണ്‍ നായര്‍.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ വിദര്‍ഭക്കായി കളിക്കുന്ന കരുണ്‍ നായര്‍ ഇതുവരെ ആറ് ഇന്നിംഗ്സുകളില്‍ അഞ്ച് സെഞ്ചുറിയുമായി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്നലെ രാജസ്ഥാനെതിരെ നടന്ന മത്സരത്തിലും സെഞ്ചുറി നേടിയതോടെ കരുണ്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ സ്ഥാനമുറപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. 82 പന്തില്‍ 13 ഫോറും അഞ്ച് സിക്സും പറത്തി 122 റണ്‍സുമായി പുറത്താകാതെ നിന്ന കരുണ്‍ ടൂര്‍ണമെന്‍റില്‍ ഇതുവരെ ഒരു തവണ മാത്രമാണ് പുറത്തായത്. ജമ്മു കശ്മീരിനെതിരെ 112*, ഛത്തീസ്ഗഡിനെതിരെ 44*, ചണ്ഡീഗഡിനെതിരെ 163*, തമിഴ്നാടിനെതിരെ 111*, ഉത്തര്‍പ്രദേശിനെതിരെ 112 എന്നിങ്ങനെയായിരുന്നു കരുണിന്‍റെ ബാറ്റിംഗ് പ്രകടനം. മിസോറമിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുണിന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല.
2016ല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരായ തന്‍റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ പിന്നീട് ടീം കോംബിനേഷന്‍റെ പേരില്‍ ടീമില്‍ നിന്ന് പുറത്താ കരുണ്‍ നായരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചതേയില്ല. ഇതിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയില്‍ നിന്ന് വിദര്‍ഭയിലേക്ക് കരുണ്‍ കൂടുമാറി. 2022 ഡിസംബറില്‍ കരുണ്‍ നായരിട്ട എക്സ് പോസ്റ്റും ശ്രദ്ധേയമായിരുന്നു. പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്കൊരു അവസരം കൂടി തരൂ എന്നായിരുന്നു 33 കാരനായ കരുണിന്‍റെ പോസ്റ്റ്. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തില്‍ തമിഴ്നാടിന്‍റെ എന്‍ ജഗദീശന് ശേഷം അഞ്ച് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായ കരുണ്‍ പുറത്താവാതെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയയില്‍ ഇന്ത്യൻ ബാറ്റിംഗ് നിര പരാജയപ്പെട്ട സാഹചര്യത്തില്‍ ടെസ്റ്റിലും കരുണിനെ മധ്യനിരയിലേക്ക് പരിഗണിക്കാനുള്ള സാധ്യതകളുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മിന്നും ഫോം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി കണക്കിലെടുത്താല്‍ ചാമ്പ്യൻസ് ട്രോഫി ടീമില്‍ കരുണ്‍ ഉണ്ടാകും. മധ്യനിരയില്‍ ശ്രേയസ് അയ്യരുടെ സ്ഥാനമാകും ഇതോടെ ഭീഷണിയിലാകുക.സഞ്ജുവും ചാമ്പ്യൻസ് ട്രോഫി ടീമിലെത്തിയാല്‍ ഒരേസമയം രണ്ട് മലയാളികള്‍ ഇന്ത്യൻ ടീമിലെത്തുന്ന അപൂര്‍വതക്കും ചാമ്പ്യൻസ് ട്രോഫി സാക്ഷ്യം വഹിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക