പരിക്കേറ്റ എം എസ് ധോണിക്ക് പുറമെ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയുമില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുതിയ സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ ചെന്നൈക്കായി വിക്കറ്റ് കീപ്പറാകും.
ഗുവാഹത്തി: പരിക്കേറ്റ എം എസ് ധോണി ആദ്യ മത്സരങ്ങള്‍ക്ക് കളത്തിലിറങ്ങില്ല എന്ന് ഉറപ്പായതോടെ അടിമുടി പുതിയ ടീമുമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ സീസണിലെത്തുക. ധോണിയും സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയുമില്ലാതെ ചെന്നൈ ഇറങ്ങുന്നത് തന്നെ കൗതുകം. സീസണിലെ ആദ്യ മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുമ്പോല്‍ ആരാധകര്‍ ഒരല്‍പം ഇമോഷണലായിരിക്കുമെന്നുറപ്പ്. ഐപിഎല്ലിലെ ഏറ്റവും കരുത്തേറിയ ഫ്രാഞ്ചെസിയായി സിഎസ്‌കെയെ മാറ്റിയ മൂന്ന് പേര്‍ ആദ്യമായി ടീമിനൊപ്പമില്ല.
തല ധോണി, ചിന്നത്തല സുരേഷ് റെയ്‌ന, ദളപതി രവീന്ദ്ര ജഡേജ... ഒരു കാലത്ത് മൊത്തം ഐപിഎല്‍ ഫ്രാഞ്ച്‌സികളും ഈ മൂന്നുപേര്‍ക്ക് ഒന്നുമല്ലായിരുന്നു. 2022ല്‍ റെയ്‌ന ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ധോണിയും ജഡേജയും പിന്നെയും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 2023ല്‍ ടീമിന് അഞ്ചാം കിരീടം സമ്മാനിച്ചത് ജഡേജയുടെ ഹീറോയിക് ഇന്നിങ്‌സ്. ക്യാപ്റ്റന്‍സിയിലും വിക്കറ്റിന് പിന്നിലും ധോണി ടച്ച് തുടര്‍ന്നു ഈ സീസണില്‍ താരകൈമാറ്റത്തില്‍ രവീന്ദ്ര ജഡേജയെ ടീം കൈവിട്ടു. ടീമില്‍ തല തനിച്ച്. ഒടുവില്‍ ആദ്യ മത്സരത്തിന് മുമ്പ് പരിക്കേറ്റ ധോണിയും പുറത്ത്. അടിമുടി പുതിയ ടീമായാകും സിഎസ്‌കെ രാജസ്ഥാനെതിരെ കളത്തിലിറങ്ങുക.
ചെന്നൈയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ദവാദ്, ആയുഷ് മാത്രെ, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, മാത്യു ഷോര്‍ട്ട്, പ്രശാന്ത് വീര്‍, ജാമി ഓവര്‍ട്ടോണ്‍, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മാറ്റ് ഹെന്റി.
ഗുവാഹത്തിയില്‍ വൈകീട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സി എസ് കെയുടെ മഞ്ഞ ജഴ്‌സിയില്‍ സഞ്ജുവിന്റെ അരങ്ങേറ്റം മലയാളിതാരത്തെ റോയല്‍ ആക്കിയ രാജസ്ഥാനെതിരെ എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. രാജസ്ഥാന്റെ ബദല്‍ ആവട്ടെ ചെന്നൈയുടെ അടിയും തടയുമെല്ലാം നന്നായി അറിയുന്ന രവീന്ദ്ര ജഡേജ. സഞ്ജുവും ജഡേജയും കൂടുമാറി നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആകാംക്ഷയേറെ.

