ചെന്നൈ: ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ 'പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിച്ച് ട്വീറ്റിട്ട ടീം ഡോക്ടറെ ചെന്നൈ സൂപ്പർ കിംഗ്സ്  പുറത്താക്കി. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ ടീമിനൊപ്പമുള്ള ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെയാണ് ടീം മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. ട്വിറ്ററിലൂടെയാണ് മധു തോട്ടപ്പിള്ളിലിനെ പുറത്താക്കിയ കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് വ്യക്തമാക്കിയത്.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജീവത്യാഗമുണ്ടായ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു ഡോ. മധു തോട്ടപ്പിള്ളിലിന്റെ വിവാദ ട്വീറ്റ്. ‘ആ ശവപ്പെട്ടികളിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ’ – എന്നായിരുന്നു ഡോ. മധുവിന്റെ ട്വീറ്റ്. ഈ ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെപ്പേരാണ് ഡോക്ടറെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ഡോക്ടർ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.
 

എന്നാൽ, ഇന്ന് ഉച്ചയോടെയാണ് ടീം ഡോക്ടറുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത വിവരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റു ചെയ്തത്. ഡോ. മധു തോട്ടപ്പിള്ളിലിന്റെ വ്യക്തിപരമായ ട്വീറ്റിനെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റിന് അറിവുണ്ടായിരുന്നില്ലെന്ന് ടീം ട്വീറ്റില്‍ വ്യക്തമാക്കി. ടീം ഡോക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ട്വീറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഖേദം പ്രകടിപ്പിക്കുന്നു. തീർത്തും മോശം ഭാഷയിലുള്ള ആ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്മെന്റിന് യാതൊരു അറിവുമുണ്ടായിരുന്നില്ല’ – ടീം ട്വീറ്റ് ചെയ്തു.

കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ തിരിച്ചടിയിൽ നാൽപതിലേറെ ചൈനീസ് സൈനികർ മരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.