മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പേസര്‍ ചേതന്‍ ശര്‍മയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന അബി കുരുവിളയും ദേബാശിഷ് മൊഹന്തിയും കമ്മിറ്റിയില്‍ ഇടംപിടിച്ചു. മുന്‍ ഇന്ത്യന്‍ പേസറായ അജിത് അഗാര്‍ക്കല്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല.

സീനിയര്‍ താരമായ ശിവരാമകൃഷ്ണന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവുമെന്ന് സൂചനയുണ്ടായിരുന്നു.സുനില്‍ ജോഷി, ഹര്‍വിന്ദര്‍ സിംഗ് എന്നിവരാണ് നിലവിലെ മറ്റ് അംഗങ്ങള്‍. സരണ്‍ദീപ് സിംഗ്, ജതിന്‍ പരന്‍ജ്‌പെ, ദേവാംഗ് ഗാന്ധി എന്നിവരുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. ഇവര്‍ക്ക് പകരമാണ് എബി കുരുവിളയടക്കമുള്ളവരെ തെരഞ്ഞെടുത്തത്. മുന്‍താരങ്ങളായ നയന്‍ മോംഗിയ, അമേയ് ഖുറേസിയ, രാജേഷ് ചൗഹാന്‍ എന്നിവരും സെലക്ഷന്‍ കമ്മിറ്റി അംഗമാവാന്‍ ബിസിസിഐയ്ക്ക് അപേക്ഷ നല്‍കിയിരുന്നു.

അബി കുരുവിള

ഇന്ത്യക്കായി 10 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 53കാരനായ കുരുവിള 25 ഏകദിനങ്ങളിലും ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. 2008 മുതല്‍ 2012 വരെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു കുരുവിള. 2012ല്‍ മുംബൈ ടീമിന്റെ ചീഫ് സെലക്ടറായും കുരുവിള പ്രവര്‍ത്തിച്ചിട്ടുണ്ട്. മദന്‍ ലാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഉപദേശക സമിതിയാണ് സെല്കഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക.