ഹാമില്‍ട്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത് ഏകദിന- ടി20 ലോകകപ്പുകളേക്കാള്‍ വലിയ നേട്ടമെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോര്‍മാറ്റാണ് ടെസ്റ്റ് എന്നതാണ് പൂജാര ഇതിന് പറയുന്ന കാരണം. 

ഇതിഹാസ താരങ്ങളോടും നിലവിലെ താരങ്ങളോടും ചോദിച്ചാലറിയാം, കളിക്കാന്‍ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതിനാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാവുക ആവുക എന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ഹോം സാഹചര്യങ്ങളില്‍ മിക്ക ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങള്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. വിദേശത്ത് നന്നായി കളിക്കാനും പരമ്പരകള്‍ നേടാനും ഇന്ത്യന്‍ ടീമിന് കഴിയുന്നതായും മുപ്പത്തിരണ്ടുകാരനായ താരം കൂട്ടിച്ചേര്‍ത്തു. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ഐസിസിയെ പൂജാര പ്രശംസിച്ചു. 'ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലനില്‍പിനായി ഐസിസി നടത്തിയ നീക്കമാണിത്. ടെസ്റ്റിന്‍റെ നിലനില്‍പിനായുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണിത്. ഏറെ സമനിലകള്‍ ഇപ്പോള്‍ കാണാറില്ല. മിക്ക മത്സരങ്ങള്‍ക്കും ഫലമുണ്ട്. അതേസമയം എതിരാളികള്‍ സമനിലക്കായി ശ്രമിക്കുന്നു. ടെസ്റ്റില്‍ വീറുറ്റ ഏറെ കാണാം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലനില്‍പിനായി ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്' എന്നും പൂജാര പറഞ്ഞു. 

Read more: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര: മുന്നില്‍ രണ്ട് ലക്ഷ്യങ്ങളെന്ന് രവി ശാസ്‌ത്രി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കപ്പുയര്‍ത്തുക ടീം ഇന്ത്യയുടെ ലക്ഷ്യമാണെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിക്കണമെങ്കില്‍ 100 പോയിന്‍റ് കൂടി വേണം. വിദേശത്ത് ആറില്‍ രണ്ട് വിജയങ്ങള്‍ നേടിയാല്‍ ഇന്ത്യ ആ ലക്ഷ്യത്തിലേക്കെത്തും എന്നായിരുന്നു ശാസ്‌ത്രിയുടെ പ്രതികരണം. ലോക ഒന്നാം നമ്പര്‍ ടീമിന്‍റെ കരുത്തോടെ കളി തുടരുക പ്രധാനമാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.