അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ മെല്ലെപ്പോക്കിനിടേയും സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ചേതേശ്വര്‍ പൂജാര. മത്സരത്തില്‍ 160 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയും ചെയ്തു. നേരിട്ട 147ാം പന്തിലാണ് പൂജാര ആദ്യ ബൗണ്ടറി തന്നെ നേടിയത്. ഇതിനിടെ ഒരു നേട്ടവും താരം സ്വന്തമാക്കി. പിന്നിട്ടതാവാട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, ഇപ്പോഴത്തെ ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരെയൊക്കെയാണ് പൂജാര പിന്നിലാക്കിയത്.

ഈ ദശാബ്ദത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരമെന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്. 28 ഇന്നിങ്‌സുകളിലായി 3609 പന്തുകളാണ് പൂജാര നേരിട്ടത്. ജോ റൂട്ട് 28 ഇന്നിങ്‌സുകളില്‍ 3609 പന്തുകള്‍ നേരിട്ടു. കുക്ക് 40 ഇന്നിങ്‌സുകള്‍ കളിച്ചപ്പോല്‍ 3274 പന്തുകളും നേരിട്ടും. കോലി ഓസീസിനെതിരെ 35 ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ 3115 പന്താണ് നേരിട്ടത്. 

കോലിക്കൊപ്പം 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പൂജാര മടങ്ങിയത്. ലിയോണിനായിരുന്നു വിക്കറ്റാണ്. പത്താം തവണയാണ് പൂജാര ലിയോണിന്റെ പന്തില്‍ പുറത്താവുന്നത്. ഇന്ത്യയുടെ പുതിയ വന്‍മതിലിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറും ലിയോണ്‍ തന്നെ. 

അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബാള്‍ ടെസ്റ്റില്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 233 എന്ന നിലയിലാണ്. പൂജാരയ്ക്ക് പുറമെ കോലി (74), അജിന്‍ക്യ രഹാനെ (42) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പൃഥ്വി ഷാ (0), മായങ്ക് അഗര്‍വാള്‍ (17), ഹനുമ വിഹാരി (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വൃദ്ധിമാന്‍ സാഹ (9), ആര്‍ അശ്വിന്‍ (15) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.