2018 ഇംഗ്ലണ്ട് പര്യടനത്തില്‍ പുറത്താവാതെ 132 റണ്‍സ് നേടാന്‍ 33കാരനായി. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യ പരമ്പര നേടുമ്പോഴും നിര്‍ണായക സാന്നിധ്യമായിരുന്നു പൂജാര.

മുംബൈ: ജൂണ്‍ 18നാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. സതാംപ്ടണാണ് കലാശപ്പോരിന് വേദിയാകുന്നത്. ഈ ഗ്രൗണ്ടില്‍ മികച്ച റെക്കോഡുള്ള താരമാണ് ഇന്ത്യയുടേ ചേതേസ്വര്‍ പൂജാര. 2018 ഇംഗ്ലണ്ട് പര്യടനത്തില്‍ പുറത്താവാതെ 132 റണ്‍സ് നേടാന്‍ 33കാരനായി. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യ പരമ്പര നേടുമ്പോഴും നിര്‍ണായക സാന്നിധ്യമായിരുന്നു പൂജാര.

ഇപ്പോള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് പൂജാര. മത്സരം നിക്ഷ്പക്ഷ വേദിയായതിനാല്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമൊന്നുമില്ലെന്നാണ് പൂജാര പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''ടീം ഇന്ത്യ 2020 ന്യൂസിലന്‍ഡില്‍ കളിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അതവരുടെ മനസിലുണ്ടായിരിക്കും. എന്നാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത് നിക്ഷ്പക്ഷ വേദിയിലാണ്. രണ്ട് ടീമിനും ഹോം അഡ്വാന്റേജില്ല. കഴിവിനൊത്ത പ്രകടനം പുറത്തെടുത്താല്‍ ഏത് ടീമിനേയും തോല്‍പ്പിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. അതിന് വേദിയൊരു വെല്ലുവിളിയില്ല.

മികച്ച പ്രകടനം നടത്താനുള്ള പരിചയസമ്പത്തും ശേഷിയും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനുണ്ട്. അടുത്തകാലത്ത് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മികച്ചതാണ്. ആ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ആ ആത്മവിശ്വാസം ഇന്ത്യയെ തുണയ്്ക്കും. വളരെ മോശം സാഹചര്യത്തിലൂടെയാണ് നമ്മള്‍ പോയികൊണ്ടിരിക്കുന്നത്. 100 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വം മാത്രമായ സമയത്തിലൂടെ. അതിനിടയിലൂം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നിശ്ചയിച്ചത് പ്രകാരം നടത്താന്‍ സാധിക്കുന്നത് തന്നെ ഭാഗ്യമാണ്.'' പൂജാര ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ നൂസിലന്‍ഡിന്റെ ബൗളിംഗ് ലൈനപ്പ് സന്തുലിതമാണെന്നും എന്നാല്‍ അവരെ മറികടക്കാനുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കുണ്ടെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.