ആന്റിഗ്വ: യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ക്രിക്കറ്റില്‍ നിന്ന് അടുത്തകാലത്തൊന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ലോകകപ്പിനുശേഷം വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഗെയ്ല്‍ ലോകകപ്പിനുശേഷം വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ സജീവമാണ്. ഡിസംബറില്‍ നടന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള വിന്‍ഡീസ് ടീമില്‍ നിന്ന് ഗെയ്ല്‍ വിട്ടു നിന്നിരുന്നു.

നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചാറ്റോഗ്രാം ചലഞ്ചേഴ്സിനായി കളിക്കാനൊരുങ്ങുകയാണ് ഗെയ്ല്‍.  ഞാന്‍ ക്രിക്കറ്റില്‍ തുടരണമെന്ന് ഒരുപാട് ആരാധകര്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റിനോടുള്ള അഭിനിവേശം എനിക്കിപ്പോഴും നഷ്ടമായിട്ടില്ല. അതുകൊണ്ടുതന്നെ കഴിയാവുന്നിടത്തോളം ക്രിക്കറ്റില്‍ തുടരാനാണ് തീരുമാനം-ഗെയ്ല്‍ പറഞ്ഞു.

ശരീരം നല്ല രീതിയിലാണ് ഇപ്പോഴും പ്രതികരിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ഞാന്‍ കൂടുതല്‍ ചെറുപ്പമാവും. എത്രകാലം ക്രിക്കറ്റില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദ്യത്തിന് ഒരു 45 വയസുവരെ ക്രിക്കറ്റില്‍ തുടരുമെന്നും ഗെയ്ല്‍ പറഞ്ഞു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഗെയ്ല്‍ വിന്‍ഡീസിനായി കളിക്കുന്നില്ല. എന്നാല്‍ ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന നടക്കുന്ന ടി20 ലോകകപ്പില്‍ ഗെയ്ല്‍ വിന്‍ഡീസിനായി കളിക്കുമെന്നാണ് സൂചന.