അതിവേഗം സിംഗിളുകള്‍ ഓടിയെടുക്കാനുള്ള കോലിയുടെ കഴിവും പ്രതിബദ്ധതയും സ്മിത്തിന് അതിനൊവസരം പോലും നല്‍കില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സും സിഡ്നി തണ്ടറും തമ്മിലുള്ള മത്സരത്തില്‍ ബാബര്‍ അസമിന് ഉറപ്പായ സിംഗിള്‍ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പാക് താരം ബാസിത് അലി. ബാബര്‍ അസമിന്‍റെ സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോലിയായിരുന്നു ആ സമയം ക്രീസിലെങ്കില്‍ സ്മിത്തല്ല സ്മിത്തിന്‍റെ അച്ഛനായിരുന്നെങ്കിലും സിംഗിള്‍ ഓടുമായിരുന്നുവെന്ന് ബാസിത് അലി യുട്യൂബ് ചാനലില്‍ പറഞ്ഞു.
വിരാട് കോലിക്കൊപ്പമായിരുന്നു സ്മിത്ത് ബാറ്റ് ചെയ്തിരുന്നതെങ്കില്‍ സ്മിത്ത് ഒരിക്കലും ആ സിംഗിള്‍ നിഷേധിക്കാന്‍ മുതിരില്ലായിരുന്നു. കാരണം കോലിയുടെ സാന്നിധ്യവും ആക്രമണോത്സുകതയും ആധിപത്യവും അത്രമേല്‍ വലുതായിരിക്കുമെന്നുറപ്പ്. അത്രമേല്‍ ബഹുമാനത്തോടെ മാത്രമെ കോലിയെ സ്മിത്ത് പരിഗണിക്കാനിടയുള്ളു. ബാബറിന് ഇല്ലാത്തതും അതാണ്. ആ സിംഗിളെടുക്കാനായി കോലി സ്മിത്തില്‍ നിന്ന് യെസ് കേള്‍ക്കാന്‍ പോലും നില്‍ക്കില്ലായിരുന്നു എന്നുറപ്പ്.
അതിവേഗം സിംഗിളുകള്‍ ഓടിയെടുക്കാനുള്ള കോലിയുടെ കഴിവും പ്രതിബദ്ധതയും സ്മിത്തിന് അതിനൊവസരം പോലും നല്‍കില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റ് മാര്‍ഗമില്ലാതെ സ്മിത്ത് സിംഗിള്‍ ഓടേണ്ടിവരുമായിരുന്നുവെന്നും ബാസിത് അലി പറഞ്ഞു. സിംഗിള്‍ വേണ്ടെന്ന് സ്മിത്തിന് പറയാന്‍ അവസരമൊരുക്കിയതിലൂടെ ബാബര്‍ സ്മിത്തിന് മുന്നില്‍ ചെറുതാവുകയായിരുന്നുവെന്നും ബാസിത് അലി വ്യക്തമാക്കി.
അതേസമയം, ആ പന്ത് നേരിടുന്നതിന് മുമ്പെ സിംഗിളിനായി ശ്രമിക്കരുതെന്ന് ബാബറിനോട് സ്മിത്തിന് നേരത്തെ പറയാമായിരുന്നുവെന്ന് മുന്‍ പാക് താരമായ കമ്രാൻ അക്മല്‍ വ്യക്തമാക്കി. ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. സിഡ്നി സിക്സേഴ്സിന് ബാബറിന്‍റെ പ്രകടനത്തില്‍ തൃപ്തിയില്ലെങ്കില്‍ അവനെ ഒഴിവാക്കുകയാണ് വേണ്ടത്, അല്ലാതെ അപമാനിക്കുകയല്ലെന്നും ഇതൊരിക്കലും ചെയ്യരുതായിരുന്നുവെന്നും കമ്രാന്‍ അക്മൽ വ്യക്തമാക്കി.


