ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വാലാന്‍ഡേഴ്സും പെഷവാര്‍ സല്‍മിയും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ തലപുകഞ്ഞു നടക്കുന്ന ക്രിസ് ലിന്നിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. മഴമൂലം 12 ഓവറാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ലിന്നിന്റെ മൊട്ടത്തലയില്‍ നിന്ന് പുക ഉയരുന്ന വീഡിയോ ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

ക്വാലാന്‍ഡേഴ്സിനായി ബാറ്റിംഗിനിറങ്ങിയ ലിന്‍ 15 പന്തില്‍ 30 റണ്‍സടിച്ച് തിളങ്ങിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെഷവാര്‍ സല്‍മി 12 ഓവറില്‍ 132 റണ്‍സടിച്ചപ്പോള്‍ ക്വാലാന്‍ഡേഴ്സിന് 12 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ലിന്നിനെ ഇത്തവണത്തെ താരലേലത്തില്‍ കൊല്‍ക്കത്ത കൈവിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സാണ് ഇത്തവണ ലിന്നിനെ സ്വന്തമാക്കിയിരിക്കുന്നത്.