ഓവല്‍: അഞ്ചാം ടെസ്റ്റിലെ ജയത്തോടെ ഇംഗ്ലണ്ട് ആഷസ് പരമ്പരയില്‍ സമനില പിടിച്ചിരുന്നു. ഓവലില്‍ 135 റണ്‍സിന്‍റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. എന്നാല്‍ ജയത്തിനിടയിലും ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സ് ഒരു നാണക്കേടുണ്ടാക്കി. 

ടെസ്റ്റ് കരിയറിലെ ആദ്യ നോബോള്‍ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ എറിഞ്ഞു വോക്‌സ്. 31-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ഹാരിസും വാര്‍ണറും സ്‌മിത്തും പുറത്തായ ശേഷം ഒന്നിച്ച മാര്‍ഷും വെയ്‌ഡുമായിരുന്നു ഈ സമയം ക്രീസില്‍. വോക്‌സിന്‍റെ പന്തില്‍ എഡ്‌ജ് കുടുങ്ങിയ മാര്‍ഷ്, ബേണ്‍സിന്‍റെ കൈകളില്‍ അവസാനിച്ചു. എന്നാല്‍ അംപയര്‍ നോബോള്‍ വിളിച്ചു. വോക്‌സിന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ നോബോളായിരുന്നു ഇത്. 867 ഓവറുകള്‍ക്ക് ശേഷമാണ് വോക്‌സ് ആദ്യ നോബോള്‍ എറിഞ്ഞത്. 

എന്നാല്‍ മാര്‍ഷിനെ പുറത്താക്കാനുള്ള അവസരം വോക്‌സ് പാഴാക്കിയെങ്കിലും മത്സരം ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിച്ചില്ല. ജാക്ക് ലീച്ചും സ്റ്റുവര്‍ട്ട് ബ്രോഡും നാല് വിക്കറ്റ് നേടിയപ്പോള്‍ മത്സരം 135 റണ്‍സിന് ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു. നേരത്തെ നാലാം ടെസ്റ്റിലെ ജയത്തോടെ ഓസീസ് ആഷസ് നിലനിര്‍ത്തിയിരുന്നെങ്കിലും പരമ്പരയില്‍ ഒപ്പമെത്താന്‍(2-2) ഓവലിലെ ജയത്തോടെ ഇംഗ്ലണ്ടിനായി.