അവസാന ഓവറുകളില്‍ ഹര്‍ലീന്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഡഗ് ഔട്ടില്‍ നിന്ന് കോച്ച് അഭിഷേക് നായര്‍ ഹര്‍ലീനോട് റിട്ടയേര്‍ഡ് ഔട്ടായി കയറിവരാന്‍ ആവശ്യപ്പെട്ടത്.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന യുപി വാരിയേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ നടന്നത് നാടകീയ രംഗങ്ങള്‍. മത്സരത്തില്‍ ആദ്യം യുപി വാരിയേഴ്സ് 20 ഓവറില്‍ 157 റണ്‍സടിച്ചപ്പോള്‍ അവസാന പന്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം പിടിച്ചെടുത്തിരുന്നു. 38 പന്തില്‍ 54 റണ്‍സെടുത്ത ക്യാപ്റ്റൻ മെഗ് ലാനിംഗായിരുന്നു യുപിയുടെ ടോപ് സ്കോറര്‍. മൂന്നാം വിക്കറ്റില്‍ ഹർലീന്‍ ഡിയോളിനൊപ്പം മെഗ് ലാനിംഗ് 56 പന്തിൽ 85 റണ്‍സെടുത്താണ് യുപി വാരിയേഴ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

എന്നാല്‍ യുപി വാരിയേഴ്സ് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറിന്‍റെ തുടക്കത്തില്‍ 36 പന്തില്‍ 47 റൺസുമായി ക്രീസില്‍ നിന്ന ഹര്‍ലീന്‍ ഡിയോളിനോട് പരിശീലകന്‍ അഭിഷേക് നായര്‍ റിട്ടയേര്‍ഡ് ഔട്ടായി കയറിവരാൻ ആവശ്യപ്പെട്ടത് ആരാധകരെയും ഹര്‍ലീനെയും ഒരുപോലെ അമ്പരപ്പിച്ചു. 17 ഓവറില്‍ 141 റണ്‍സെടത്തിരുന്ന യുപി വാരിയേഴ്സിനായി 36 പന്തില്‍ 47 റണ്‍സെടുത്തിരുന്ന ഹര്‍ലീനൊപ്പം ആറ് പന്തില്‍ ഏഴ് റണ്‍സുമായി ശ്വേതാ ഷെറാവത്തായിരുന്നു ആ സമയം ക്രീസില്‍. അവസാന ഓവറുകളില്‍ ഹര്‍ലീന്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഡഗ് ഔട്ടില്‍ നിന്ന് കോച്ച് അഭിഷേക് നായര്‍ ഹര്‍ലീനോട് റിട്ടയേര്‍ഡ് ഔട്ടായി കയറിവരാന്‍ ആവശ്യപ്പെട്ടത്. അര്‍ധസെഞ്ചുറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു അപ്പോള്‍ ഹര്‍ലീന്‍.

കോച്ച് തിരിച്ചുവിളിച്ചത് ആദ്യം വിശ്വസിക്കാനാവാതിരുന്ന ഹര്‍ലീന്‍ എന്നോടാണോ എന്ന് ഡഗ് ഔട്ടിലേക്ക് വിരല്‍ചൂണ്ടി ചോദിക്കുന്നതും കാണാമായിരുന്നു. നിരാശ പരസ്യമാക്കിയാണ് ഹര്‍ലീൻ ഒടുവില്‍ തിരിച്ചു കയറിപ്പോയത്. എന്നാല്‍ ഹര്‍ലീനെ തിരിച്ചുവിളിച്ച് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി അഭിഷേക് നായര്‍ ക്രീസിലേക്ക് അയച്ച കോളെ ട്രയോണിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് പന്ത് നേരിട്ട ട്രയോണ്‍ ഒരു റണ്‍സ് മാത്രമെടുത്ത് ശ്രീ ചരിണിയുടെ പന്തില്‍ പുറത്തായി. പിന്നാലെ മരിസാനെ കാപ്പും ശ്വേതാ ഷെറാവത്തും ദീപ്തി ശര്‍മയും കൂടി പുറത്തായതോടെ യുപി വാരിയേഴ്സിന്‍റെ സ്കോര്‍ 20 ഓവറില്‍ 154 റണ്‍സില്‍ ഒതുങ്ങി.

Scroll to load tweet…

ഹര്‍ലീന്‍ റിട്ടയേര്‍ഡ് ഔട്ടായശേഷം 18 പന്തില്‍ 13 റണ്‍സ് മാത്രമാണ് യുപി വാരിയേഴ്സിന് നേടാനായത്. മറുപടി ബാറ്റിംഗില്‍ ലിസെലെ ലീയുടെയും(44 പന്തില്‍ 67), ഷഫാലി വര്‍മയുടെയും(32 പന്തില്‍ 36) ലോറാ വോള്‍വാര്‍ഡിന്‍റെയും(25), ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്‍റെയും(14 പന്തില്‍ 21) ബാറ്റിംഗ് മികവില്‍ ഡല്‍ഹി അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഔട്ടാവുന്ന രണ്ടാമത്തെ താരമാണ് ഹര്‍ലീന്‍ ഡിയോള്‍. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്‍റ്സിന്‍റെ ആയുഷി ഗോസ്വാമിയാണ് റിട്ടയേര്‍ഡ് ഔട്ടായ ആദ്യ താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക