ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല. അഞ്ച് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിനകത്ത് നില്‍ക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കില്‍ കളി ജയിക്കുക ബുദ്ധിമുട്ടാണ്.

രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് ബൗളര്‍മാരെ നേരിട്ട് കുറ്റപ്പെടുത്തി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു.

ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല. അഞ്ച് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിനകത്ത് നില്‍ക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴ്ത്തിയില്ലെങ്കില്‍ കളി ജയിക്കുക ബുദ്ധിമുട്ടാണ്. മത്സരത്തില്‍ ഇന്ത്യ 15-20 റണ്‍സ് അധികം നേടിയിരുന്നെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാകുമായിരുന്നില്ല. മത്സരത്തിന്‍റെ ആദ്യ പത്തോവറില്‍ നമ്മള്‍ മനോഹരമായാണ് പന്തെറിഞ്ഞത്. അവരുടെ ഓപ്പണര്‍മാരെ പുറത്താക്കാനും അവരെ സമ്മര്‍ദ്ദത്തിലാക്കാനും നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മധ്യ ഓവറുകളില്‍ അവര്‍ മനോഹരമായി ബാറ്റ് ചെയ്തതോടെയാണ് കളി നമ്മുടെ കൈവിട്ട് പോയത്.

ഇത്തരം വിക്കറ്റുകളില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂട്ടുകെട്ടുകള്‍ പ്രധാനമാണ്. മികച്ച കൂട്ടുകെട്ടുണ്ടാക്കാനായാല്‍ അത് നീട്ടിക്കൊണ്ടുപോകാനാകണം. കാരണം പുതുതായി എത്തുന്ന ബാറ്റര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കുക എന്നത് ഇത്തരം പിച്ചുകളില്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് കുറച്ചുകൂടി അനായസമായിരുന്നു. രണ്ടാം ഇന്നിംഗ്സിലെ ആദ്യ 10-15 ഓവറില്‍ ബൗളര്‍മാര്‍ക്ക് ചെറിയ സഹായം കിട്ടിയിരുന്നു. എന്നാല്‍ 20-25 ഓവര്‍ കഴിഞ്ഞതോടെ ബൗര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും കിട്ടാതായി. മധ്യ ഓവറുകളില്‍ കിട്ടിയ അവസരങ്ങള്‍ നമുക്ക് മുതലാക്കാനുമായില്ല. ഫീല്‍ഡിംഗ് പിഴവുകള്‍ നമുക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തിലും ഫീല്‍ഡിംഗില്‍ ഒട്ടേറെ പിഴവുകള്‍ നമ്മള്‍ വരുത്തിയിരുന്നു. വരും മത്സരങ്ങളില്‍ ഇത് മെച്ചപ്പെടുത്താനാണ് ശ്രമിക്കുകയെന്നും ഗില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക