ഡിസംബര്‍ എട്ടിന് ഗാബയില്‍ തുടങ്ങുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിക്കാരനായി പെയ്നിനെ ടീമിലെടുക്കണോ എന്ന കാര്യത്തില്‍ ജസ്റ്റിന്‍ ലാംഗര്‍ക്കും സെലക്ടര്‍മാര്‍ക്കും ചേര്‍ന്ന് തീരുമാനമെടുക്കാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

മെല്‍ബണ്‍: ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനെ(Australia's test captain) തീരുമാനിക്കാനുള്ള സമിതിയിൽ പരിശീലകന്‍ ജസ്റ്റിൻ ലാംഗറെ(Coach Justin Langer) ഉൾപ്പെടുത്തിയില്ല. ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്‌ലി, ചെയർമാൻ റിച്ചാ‍ർഡ് ഫ്രൂഡെൻസ്റ്റെയ്ൻ, ഡയറക്ടർ മെൽ ജോൺസൺ എന്നിവരാണ് പുതിയ നായകനെ തിരഞ്ഞെടുക്കുക.

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചുവെന്ന വിവാദം ഉയര്‍ന്നപ്പോഴും സന്ദേശത്തിലെ ഉള്ളടക്കം പരസ്യമായപ്പോഴും ടിം പെയ്ന്‍(Tim Paine) രാജിവെക്കേണ്ടെന്ന നിലപാടാണ് ജസ്റ്റിന്‍ ലാംഗര്‍ എടുത്തത്. ഇക്കാര്യം പെയ്ന്‍ തന്നെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ഉള്‍പ്പെടെയുള്ളവര്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരണമെന്ന അഭിപ്രായക്കാരായിരുന്നുവെന്നും പെയ്ന്‍ പറഞ്ഞിരുന്നു.

ഡിസംബര്‍ എട്ടിന് ഗാബയില്‍ തുടങ്ങുന്ന ആഷസ്(Ashes) പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിക്കാരനായി പെയ്നിനെ ടീമിലെടുക്കണോ എന്ന കാര്യത്തില്‍ ജസ്റ്റിന്‍ ലാംഗര്‍ക്കും സെലക്ടര്‍മാര്‍ക്കും ചേര്‍ന്ന് തീരുമാനമെടുക്കാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

ലൈംഗിക വിവാദത്തിന് പിന്നാലെ ടിം പെയ്ൻ രാജി വച്ചതോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ നായകനെ തേടുന്നത്. പാറ്റ് കമ്മിൻസ്,(Pat Cummins) സ്റ്റീവ് സ്മിത്ത് (Steve Smith)തുടങ്ങിയവരാണ് പരിഗണനിയിൽ ഉള്ളത്. മുന്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റും മൈക്കല്‍ ക്ലാര്‍ക്കുമെല്ലാം നായകനായി പാറ്റ് കമിന്‍സ് വരണമെന്ന അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. കമിന്‍സിന് ടീം അംഗങ്ങള്‍ക്കിടയില്‍ ആദരവുണ്ടെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കിയിരുന്നു.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കു നേരിട്ട സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് വര്‍ഷം വിലക്കിയിരുന്നു. വിലക്കിന്‍റെ കാലാവധി കഴിഞ്ഞ് സ്മിത്ത് നായകനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ടിം പെയ്ന്‍ തന്നെ ഓസീസിനെ നയിച്ചു.

അടുത്ത മാസം തുടങ്ങുന്ന ആഷസ് പരമ്പരയില്‍ സ്മിത്തിനെ പോലെ പരിചയ സമ്പന്നനായ നായകന്‍ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും മോശം പ്രതിച്ഛായ വിലങ്ങുതടിയായേക്കും. ഒരാഴ്ചക്കുള്ളില്‍ പുതിയ നായകനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗില്‍ക്രിസ്റ്റിനെയും ക്ലാര്‍ക്കിനെയും പോലെ ബഹുമാന്യരായ താരങ്ങളാലും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്മിത്തിനെ പരസ്യമായി പിന്തുണക്കാന്‍ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ 65 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ബൗളര്‍മാരെ ഓസ്ട്രേലിയ ടെസ്റ്റ് ടീം നായകനാക്കിയിട്ടില്ല. 1956ല്‍ റേ ലിന്‍ഡ‌്‌വാളാണ് അവസാനമായി ഓസീസിനെ ടെസ്റ്റില്‍ നയിച്ച ബൗളര്‍. എങ്കിലും സ്മിത്തിനെതിരെ പൊതുവില്‍ ഉയര്‍ന്നിട്ടുള്ള വികാരം കണക്കിലെടുത്ത് പാറ്റ് കമിന്‍സ് തന്നെ നായകനായി വന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് കമിന്‍സിനെ മൂന്ന് ഫോര്‍മാറ്റിലും വൈസ് ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തത്. ഏകദിനങ്ങളിലും, ട്വന്‍റി 20യിലും നായകനായ ആരോൺ ഫിഞ്ച് ആകട്ടെ ടെസ്റ്റ് ടീമിൽ ഇല്ല.