ദേശീയ തലത്തിൽ വലിയ അനുഭവസമ്പത്തുള്ള പരിശീലകനാണ് ദിലീപിന് പകരക്കാരനായി എത്തുന്ന സുഭദീപ് ഘോഷ്. മുൻപ് രണ്ടു വർഷത്തോളം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഫീൽഡിംഗ് കോച്ചായിരുന്നു.
മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ മാറ്റം. ഇന്ത്യൻ ടീമിന്‍റെ പുതിയ ഫീൽഡിംഗ് കോച്ചായി മുൻ അസം താരവും പരിശീലകനുമായ സുഭദീപ് ഘോഷിനെ നിയമിച്ചു. നിലവിലെ ഫീൽഡിംഗ് കോച്ച് ടി. ദിലീപിന് പകരക്കാരനായാണ് 57-കാരനായ സുഭദീപ് എത്തുന്നത്. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ബിസിസി.ഐ നൽകിയ ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയായതോടെയാണ് ടി ദിലീപ് ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2021 മുതൽ 2024-25 ബോർഡർ-ഗവാസ്കർ ട്രോഫി വരെയുള്ള ആദ്യ ഘട്ടത്തിന് ശേഷമാണ് ദിലീപ് രണ്ടാമതും ടീമിനൊപ്പം ചേർന്നത്.
പരിചയസമ്പന്നനായ പരിശീലകൻ
ദേശീയ തലത്തിൽ വലിയ അനുഭവസമ്പത്തുള്ള പരിശീലകനാണ് ദിലീപിന് പകരക്കാരനായി എത്തുന്ന സുഭദീപ് ഘോഷ്. മുൻപ് രണ്ടു വർഷത്തോളം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഫീൽഡിംഗ് കോച്ചായിരുന്നു. 2022-ലെ വനിതാ ഏകദിന ലോകകപ്പിലും, 2023-ലെ ടി20 ലോകകപ്പിലും കളിച്ച ഇന്ത്യൻ ടീമിന്‍റെ സപ്പോർട്ട് സ്റ്റാഫായിരുന്നു സുഭദീപ് ഘോഷ്. കൂടാതെ ഇന്ത്യ 'എ' ടീമിനൊപ്പവും അസം സീനിയർ ടീമിന്‍റെ ഹെഡ് കോച്ചായും സുഭദീപ് ഘോഷ് പ്രവർത്തിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ അസമിനും റെയിൽവേസിനുമായി 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 17 ലിസ്റ്റ് 'എ' മത്സരങ്ങളിലും സുഭദീപ് ഘോഷ് കളിച്ചിട്ടുണ്ട്. സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യൻ ടീമിന്‍റെ ഫീല്‍ഡിംഗ് തീര്‍ത്തും മോശമായത് വിമര്‍ശനത്തിന് കാരണമായിരുന്നു.
ടി ദിലീപിന് പുറമെ ഗംഭീറിന് കീഴിൽ ടീമിന്‍റെ സഹ പരിശിലകനായിരുന്ന റയാൻ ടെൻ ഡോഷേറ്റെയും ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ 'ഹെഡ് ഓഫ് ക്രിക്കറ്റ് സ്ട്രാറ്റജി' ചുമതലയാണ് ഡോഷെറ്റെ ഏറ്റെടുത്തത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്‍റെ ഭാഗമായുള്ള ഇന്ത്യയുടെ പുതിയ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 15-നാണ് ആരംഭിക്കുന്നത്. ശ്രീലങ്കയിലെ ഗാലെയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ കൊളംബോ എസ്.എസ്.സി സ്റ്റേഡിയത്തിൽ നടക്കും. ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തോടെ ഇന്ത്യയുടെ ലങ്കൻ പര്യടനം ആരംഭിക്കും.
