മുംബൈ: മുന്‍ ഇന്ത്യന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരായ ഇരട്ട പദവി പരാതി തള്ളി. ദ്രാവിഡിന് ഭിന്നതാല്‍പര്യമില്ലെന്ന് ബിസിസിഐ എത്തിക്കല്‍ ഓഫീസര്‍ ഡി കെ ജയിന്‍ വ്യക്തമാക്കി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്‌ത നല്‍കിയ പരാതിയില്‍ ദ്രാവിഡിന് രണ്ട് തവണ ജയിന്‍ നോട്ടീസ് അയച്ചിരുന്നു.

ഇരട്ട പദവി സംബന്ധിച്ച പരാതിയില്‍ വീണ്ടും നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് ജയിന്‍ അടുത്തിടെ ദ്രാവിഡിന് രണ്ടാം നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ 12ന് ദ്രാവിഡ് വിശദീകരണം നല്‍കി. നേരത്തെ മുംബൈയില്‍ വെച്ച് താരത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇന്ത്യ സിമന്‍റ്‌സില്‍ നിന്ന് അവധിയെടുത്ത ശേഷമാണ് എന്‍സിഎ തലവനായി ചുമതലയേറ്റതെന്നാണ് ജയിന് ദ്രാവിഡ് നല്‍കിയ വിശദീകരണം.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ(NCA) തലവനായ ദ്രാവിഡ്, ഇന്ത്യ സിമന്‍റ്‌സിന്‍റെ വൈസ് പ്രസിഡന്‍റ് പദവിയും വഹിക്കുന്നു എന്നായിരുന്നു സഞ്ജീവിന്‍റെ പരാതി. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഉടമകളാണ് ഇന്ത്യ സിമന്‍റ്‌സ്. ഇക്കഴിഞ്ഞ ജൂലൈയില്‍ എന്‍സിഎ തലവനായി ചുമതലയേല്‍ക്കും മുന്‍പ് ഇന്ത്യന്‍ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായിരുന്നു ദ്രാവിഡ്. 

ഇരട്ട പദവി വിഷയത്തില്‍ ദ്രാവിഡിന് നോട്ടീസ് അയച്ചതിനെതിരെ സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 'ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ' എന്നായിരുന്നു അന്ന് ഗാംഗുലിയുടെ മറുപടി. ദ്രാവിഡിന് നോട്ടീസ് നല്‍കിയതില്‍ മുന്‍ സഹതാരം ഹര്‍ഭജന്‍ സിംഗും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 'ഇന്ത്യന്‍ ക്രിക്കറ്റിന് ദ്രാവിഡിനേക്കാള്‍ മികച്ച വ്യക്തിയേ ലഭിക്കുമോ, നോട്ടീയ് അയച്ച് ഇതിഹാസങ്ങളെ അപമാനിക്കരുത്' എന്നായിരുന്നു ഭാജിയുടെ പ്രതികരണം.