തുടർച്ചയായി മത്സരങ്ങൾ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുക എന്നതാണ് കളിക്കാരന് ചെയ്യാവുന്നത്. ടീം മാനേജ്‌മെന്‍റിന്‍റെ ചിന്തകൾ വ്യത്യസ്തമാകാം, പക്ഷേ ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളുടെ സമീപനമാണ് പ്രധാനം.
മുംബൈ: ടീം ഇന്ത്യയിൽ പരിക്കുകളുടെ പരമ്പര തുടരുമ്പോഴും മുതിർന്ന പേസർ മുഹമ്മദ് ഷമിയെ തുടർച്ചയായി അവഗണിക്കുന്ന സെലക്ടർമാരുടെ നിലപാടിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ജസ്പ്രീത് ബുമ്ര അടക്കമുള്ള മുൻനിര പേസർമാർ പരിക്കിന്‍റെ പിടിയിലായിട്ടും, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്ലാനുകളിൽ ഷമിക്ക് സ്ഥാനമില്ലെന്ന സൂചനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2027 ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് പുതിയ ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുന്ന സെലക്ഷൻ കമ്മിറ്റി, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഷമിയെ പാടെ തള്ളിക്കളയുകയാണ്. എന്നാൽ സെലക്ടർമാർ പുറത്തുനിർത്തിയാലും ഷമി പ്രതീക്ഷ കൈവിടരുതെന്ന് സഹീർ ഖാൻ ഉപദേശിച്ചു.
തുടർച്ചയായി മത്സരങ്ങൾ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുക എന്നതാണ് കളിക്കാരന് ചെയ്യാവുന്നത്. ടീം മാനേജ്‌മെന്‍റിന്‍റെ ചിന്തകൾ വ്യത്യസ്തമാകാം, പക്ഷേ ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളുടെ സമീപനമാണ് പ്രധാനം. രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആഭ്യന്തര മത്സരങ്ങളിൽ തുടർച്ചയായി കളിക്കുക. ഷമി ഇപ്പോൾ ചെയ്യുന്നത് അതുതന്നെയാണ്, അത് തുടരുക- സഹീർ പറഞ്ഞു.
ഇന്ത്യൻ ടീമിൽ വർദ്ധിച്ചുവരുന്ന പരിക്കുകളെക്കുറിച്ചും സഹീര്‍ ഖാന്‍ പ്രതികരിച്ചു. പരിക്കുകൾ കായികതാരങ്ങളുടെ കരിയറിന്‍റെ ഭാഗമാണെന്നും ജോലിഭാരം ക്രമീകരിക്കുകയും കളിക്കാരുടെ പരിക്കുകളുടെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടതെന്നും സഹീർ വ്യക്തമാക്കി. 2023-ന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ കഴിയാതിരുന്ന ഷമി, ആഭ്യന്തര ക്രിക്കറ്റിൽ വിക്കറ്റുകൾ വീഴ്ത്തി ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ്.
