അഡ്‌ലെയ്ഡ്: കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍, ടീം അഗമായ മാര്‍നസ് ലാബുഷെയ്ന്‍ തുടങ്ങിയ കളിക്കാരെ വിമാനമാര്‍ഗം ദക്ഷിണ ഓസ്ട്രേലിയയില്‍ നിന്ന് സിഡ്നിയിലേക്ക് എത്തിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കുകയായിരുന്ന പെയ്നും ലാബുഷെയ്നുമെല്ലാം. ദക്ഷിണ ഓസ്ട്രേലിയയില്‍ വീണ്ടും കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് പെയ്ന്‍ അടക്കമുള്ള താരങ്ങളെ സെല്‍ഫ് ഐസോലേഷനിലേക്ക് മാറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് ദക്ഷിണ ഓസ്ട്രേലിയയുമായുള്ള അതിര്‍ത്തികള്‍ മറ്റ് സംസ്ഥാനങ്ങള്‍ അടച്ച സാഹചര്യത്തില്‍ താരങ്ങളെ വിമാനമാര്‍ഗം സിഡ്നിയില്‍ എത്തിച്ചത്. പെയ്നും ലാബുഷെയ്നും പുറമെ മാത്യു വെയ്ഡ്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെയാണ് വിമാനമാര്‍ഗം സിഡ്നിയിലേക്ക് മാറ്റിയത്.  ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാവേണ്ട് അഡ്‌ലെയ്ഡ് ഓവല്‍ ഉള്‍പ്പെടുന്ന ദക്ഷിണ ഓസ്ട്രേലിയന്‍ പ്രദേശങ്ങളിലാണ് കൊവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമായത്.

ഇതോടെ ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റിന്‍റെ വേദി സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും മുന്‍നിശ്ചയപ്രകാരം തന്നെ ടെസ്റ്റ് നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോഴും. അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണ്. 50 ശതമാനം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നതെങ്കിലും പുതിയ പശ്ചാത്തലത്തില്‍ ഇത് എത്രമാത്രം സാധ്യമാവുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.