കറാച്ചി: ലോകം കൊവിഡ് 19ന്റെ പിടിയിലമരുമ്പോള്‍ കരുണയുടെ കൈനീട്ടി പാക് ക്രിക്കറ്റ് ടീം. കൊവിഡ് 19ന്റെ ദുതിമനുഭവിക്കുന്നവര്‍ക്കായി പാക് ടീം സര്‍ക്കാരിന്റെ അടിയന്തരസഹായ നിധിയിലേക്ക് 50 ലക്ഷം പാക്കിസ്ഥാനി രൂപ സംഭാവന നല്‍കി. പാക് ക്രിക്കറ്റ് ബോര്‍ഡ് എന്നും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും ദുരിതകാലത്ത് അവരെ സഹായിക്കേണ്ടത് ബോര്‍ഡിന്റെ കടമയാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി പറഞ്ഞു.

മുമ്പെങ്ങുമില്ലാത്ത അസാധാരണ സാഹചര്യത്തിലൂടെയാണ് രാജ്യവും ലോകവും കടന്നുപോവുന്നതെന്നും സാധാരണജീവിതത്തിലേക്ക് ജനങ്ങള്‍ തിരിച്ചുവരുന്നതുവരെ  ആരോഗ്യപ്രവര്‍ത്തകരുടെകൂടി ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മാനി പറഞ്ഞു. ബോര്‍ഡിന്റെ സഹായത്തിന് പുറമെ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും വ്യക്തിപരമായ നിലയിലും ദുതിമനുഭവിക്കുന്നവര്‍ക്ക് സംഭാവനകളും സഹായവും നല്‍കുന്നുണ്ടെന്നും മാനി പറഞ്ഞു.

ആയിരത്തിലധികം പേര്‍ക്കാണ് പാക്കിസ്ഥാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെവരെ ഏഴ് മരണമാണ് കൊവിഡ് 19 മൂലം പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.