ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ പ്രകടനത്തെ പ്രശംസിച്ച മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പൽ, ആധുനിക ടി20 ക്രിക്കറ്റ് ബാറ്റർമാർക്ക് അമിത മുൻതൂക്കം നൽകുന്നുവെന്ന് വിമർശിച്ചു. കളിയിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ വിക്കറ്റുകളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള മാറ്റങ്ങൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മെല്‍ബണ്‍: ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുമ്പോഴും, ടി20 ക്രിക്കറ്റിലെ നിലവിലെ പോരായ്മകള്‍ തുറന്നുകാട്ടി മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗ്രെഗ് ചാപ്പല്‍. ആധുനിക ടി20 ക്രിക്കറ്റ് ബാറ്റര്‍മാര്‍ക്ക് അമിതമായി മുന്‍തൂക്കം നല്‍കുന്ന ഒന്നായി മാറിയെന്നും അസാധാരണ പ്രകടനങ്ങള്‍ പോലും ഇപ്പോള്‍ വെറും സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
2026 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 237.3 സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവിന്റെ പ്രകടനത്തെ അദ്ദേഹം 'വിസ്‌ഫോടനാത്മകം' എന്നാണ് വിശേഷിപ്പിച്ചത്. ''വെറും 15 വയസ്സില്‍ വൈഭവ് സൂര്യവംശി ടൂര്‍ണമെന്റില്‍ ഒരു അടയാളം രേഖപ്പെടുത്തുകയല്ല, മറിച്ച് അതൊരു സ്‌ഫോടനം തന്നെയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് നിരകളെ അയാള്‍ തച്ചുതകര്‍ത്തു. ഒരു സീസണില്‍ 72 സിക്‌സറുകള്‍ അടിച്ചുകൂട്ടിയ വൈഭവ്, ക്രിസ് ഗെയിലിന്റെ ഇതിഹാസ റെക്കോര്‍ഡ് തകര്‍ത്ത് ക്രിക്കറ്റ് യുക്തിക്ക് നിരക്കാത്ത ഒരു നാഴികക്കല്ലാണ് സ്ഥാപിച്ചത്.'' ചാപ്പല്‍ പറഞ്ഞു.
വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ചെങ്കിലും, ഇത്രയും വലിയ പ്രകടനങ്ങള്‍ ഇത്ര എളുപ്പത്തില്‍ സംഭവിക്കുന്നത് ക്രിക്കറ്റിലെ അസന്തുലിതാവസ്ഥ കാരണമാണെന്ന് ചാപ്പല്‍ വാദിക്കുന്നു. ''ശാരീരിക വളര്‍ച്ച പോലും പൂര്‍ത്തിയാകാത്ത ഒരു കുട്ടിക്ക് ലോകവേദിയില്‍ എത്തി അന്താരാഷ്ട്ര ബൗളര്‍മാരെ അനായാസം അപമാനിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, അത് ഈ കായിക വിനോദത്തിലെ രോഗാവസ്ഥയെയാണ് തുറന്നുകാട്ടുന്നത്.'' ചാപ്പല്‍ പറഞ്ഞു. ഐപിഎല്ലിലെ 'ഇംപാക്റ്റ് പ്ലെയര്‍' നിയമം ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കിയെന്നും അധികമായി ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഉള്‍പ്പെടുത്താന്‍ ടീമുകളെ അനുവദിക്കുന്നത് ബൗളര്‍മാരോടുള്ള അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി20 ക്രിക്കറ്റ് വെറുമൊരു ബാറ്റിംഗ് പ്രദര്‍ശനമായി മാറുന്നത് തടയാന്‍ മാറ്റങ്ങളും ചാപ്പല്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
1. വിക്കറ്റുകളുടെ എണ്ണം ആറായി കുറയ്ക്കുക
നിലവിലെ പത്ത് വിക്കറ്റുകള്‍ക്ക് പകരം ഒരു ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകള്‍ മാത്രമാക്കി ചുരുക്കുക. വിക്കറ്റുകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനും ബാറ്റര്‍മാര്‍ ഉത്തരവാദിത്തത്തോടെ കളിക്കാനും ഇത് സഹായിക്കുമെന്ന് ചാപ്പല്‍ വിശ്വസിക്കുന്നു.
2. പിച്ചുകളില്‍ കൂടുതല്‍ പുല്ല് നിലനിര്‍ത്തുക
ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ പിച്ചുകളില്‍ പുല്ല് നിലനിര്‍ത്തണം. കൂടാതെ പിച്ചിന്റെ ഒരറ്റം ഉണങ്ങിയതും മറ്റേ അറ്റം പുല്ലുള്ളതുമായി തയാറാക്കുന്നത് കളിയില്‍ കൂടുതല്‍ തന്ത്രപരമായ വൈവിധ്യം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പന്ത് എവിടെ പിച്ച് ചെയ്തു എന്നത് പരിഗണിക്കാതെ, അത് സ്റ്റമ്പില്‍ കൊള്ളുമെന്ന് ഉറപ്പാണെങ്കില്‍ ബാറ്റ്സ്മാനെ ഔട്ട് വിളിക്കണം. ഈ മാറ്റം ബൗളര്‍മാര്‍ക്ക് വലിയ കരുത്തുപകരുമെന്ന് ചാപ്പല്‍ അഭിപ്രായപ്പെട്ടു.

