സിഡ്‌നി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗ് ഓസ്‌ട്രേലിയയിലെ ബിഗ്‌ബാഷ് ടി20 ടൂര്‍ണമെന്‍റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുവിക്കായി ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. മുപ്പത്തിയെട്ടുകാരനായ യുവി കഴിഞ്ഞ വര്‍ഷം അന്താരാഷ്‌ട്ര-ആഭ്യന്തര ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ചിരുന്നു. 

യുവി ഓസ്‌ട്രേലിയന്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നതായി സിഡ്‌നി മോണിംഗ് ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്‌തത്. യുവിയുടെ മാനേജരാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യു‌വ്‌രാജ് സിംഗ് ബിഗ്‌ബാഷില്‍ മത്സരിച്ചാല്‍ അത് ചരിത്രമാകും. ബിസിസിഐയുടെ അനുമതി ഇല്ലാത്തതിനാല്‍ പുരുഷ താരങ്ങളാരും ഇതുവരെ ബിഗ്‌ബാഷില്‍ പങ്കെടുത്തിട്ടില്ല. 

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച നിശ്‌ചിത ഓവര്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് യുവ്‌രാജ് സിംഗ്. 2011 ലോകകപ്പിലെ മികച്ച താരമായിരുന്ന യുവി 2017ലാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 304 ഏകദിനങ്ങളില്‍ 8701 റണ്‍സും 111 വിക്കറ്റും നേടി. കൂടാതെ 40 ടെസ്റ്റും 58 അന്താരാഷ്‌ട്ര ടി20കളും കളിച്ചു. ടെസ്റ്റില്‍ 1900 റണ്‍സും ടി20യില്‍ 1177 റണ്‍സുമാണ് സമ്പാദ്യം. ഐപിഎല്ലില്‍ 83 മത്സരങ്ങളില്‍ നിന്ന് 2750 റണ്‍സും 36 വിക്കറ്റും പേരിലുണ്ട്. 

അന്താരാഷ്ട്ര ക്രിക്കറ്റിനോടും ഐപിഎല്ലിനോടും വിട പറഞ്ഞതിനാല്‍ യുവിക്ക് വിദേശ ടൂര്‍ണമെന്‍റുകളില്‍ കളിക്കാം. കാനഡയിലെ ഗ്ലോബല്‍ ടി20യില്‍ കളിക്കാനുള്ള അനുമതി കഴിഞ്ഞ വര്‍ഷം താരത്തിന് ലഭിച്ചിരുന്നു.