ഫെബ്രുവരി 20ന് മുന്‍പ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്

മുംബൈ: ഐപിഎല്ലിന് (IPL 2022) വേദിയാകാന്‍ സന്നദ്ധത അറിയിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (Cricket South Africa). യുഎഇയില്‍ നടത്തുന്നതിനേക്കാള്‍ ചെലവ് കുറച്ച് ദക്ഷിണാഫ്രിക്കയിൽ മത്സരങ്ങള്‍ സംഘടിപ്പിക്കാമെന്ന് ബിസിസിഐ നേതൃത്വത്തെ സിഎസ്‌എ അറിയിച്ചതായി ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്തു. ജൊഹാന്നസ്ബര്‍ഗിലെയും കേപ്‌ടൗണിലെയും സ്റ്റേഡിയങ്ങളിലായി മത്സരം നടത്താമെന്നും ടീമുകള്‍ക്ക് യാത്രാച്ചെലവ് അധികമാകില്ലെന്നുമാണ് വിലയിരുത്തൽ.

2009ലെ ഐപിഎല്ലിന് ദക്ഷിണാഫ്രിക്ക വേദിയായിരുന്നു. ഫെബ്രുവരി 20ന് മുന്‍പ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐയുടെ പ്രാഥമിക പദ്ധതി.

മുംബൈ പ്രധാന വേദിയായി കാണികളില്ലാതെ മത്സരം ഇന്ത്യയില്‍ തന്നെ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊവിഡ് ആശങ്കകള്‍ക്കിടയിലും ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ പദ്ധതിയിടുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാർച്ച് അവസാന വാരം ആരംഭിക്കുന്ന സീസണ്‍ മെയ് അവസാനം വരെ നീളുമെന്നും അദേഹം വ്യക്തമാക്കി.

മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്‍റെ ആകർഷണമായിരുന്ന ക്രിസ് ഗെയ്ല്‍ ഇത്തവണ ടൂർണമെന്‍റിനെത്തില്ല. മെഗാ താരലേലത്തില്‍ മലയാളി പേസർ എസ് ശ്രീശാന്തും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സീസണിന് മുന്നോടിയായി മെഗാ താരലേലം ഫെബ്രുവരി 12-13 തിയതികളില്‍ നടക്കും.

Legends League Cricket 2022 : ഉപുൽ തരംഗ, അസ്ഗര്‍ അഫ്ഗാന്‍ ഷോ; ഇന്ത്യ മഹാരാജാസിനെ വീഴ്‌ത്തി ഏഷ്യ ലയൺസ്