സെഞ്ചുറിയുമായി കിങ് കോലി, വെടിക്കെട്ട് ഫിഫ്റ്റിയുമായി ശ്രേയസ്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
വിരാട് കോലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് 134 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. സ്പിന്നര്‍മാര്‍ക്കെതിരെ കോലി കരുതലോടെ കളിച്ചപ്പോള്‍ ശ്രേയസ് ആക്രമിച്ചു കളിച്ചു. 87 പന്തില്‍ 77 റണ്‍സടിച്ച ശ്രേയസ് പുറത്തായശേഷം കെ എല്‍ രാഹുലും(8), സൂര്യകുമാര്‍ യാദവും(14 പന്തില്‍ 22) എളുപ്പം മടങ്ങിയെങ്കിലും ഒരറ്റം കാത്ത കോലി ഇന്ത്യയെ 300 കടത്തി.

കൊല്‍ക്കത്ത: ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സടിച്ചു. 49-ാം ഏകദിന സെഞ്ചുറിയുമായി കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയപ്പോള്‍ 77 റണ്‍സടിച്ച ശ്രേയസ് അയ്യരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. 15 പന്തില്‍ 29 റണ്‍സുമായി ജഡേജ വിരാട് കോലിക്കൊപ്പം(101*) പുറത്താകാതെ നിന്നു.
വെടിക്കെട്ട് തുടക്കം
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. മാര്‍ക്കോ യാന്‍സനെയും ലുങ്കി എങ്കിഡിയെയും കടന്നാക്രമിച്ച രോഹിത് ആദ്യ അഞ്ചോവറില്‍ ഇന്ത്യയെ 50 കടത്തി. ഇതോടെ അഞ്ചാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ കാഗിസോ റബാഡയെ പന്തേല്‍പ്പിച്ചു. തന്‍റെ ആദ്യ ഓവറില്‍ തന്നെ രോഹിത്തിനെ(24 പന്തില്‍ 40) മടക്കി റബാഡ ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു. എങ്കിലും രോഹിത് നല്‍കിയ തുടക്കത്തില്‍ കോലിയും ഗില്ലും കൂടി ചേര്‍ന്നതോടെ ഇന്ത്യ ഓവറില്‍ ഒമ്പത് റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തു. സ്കോര്‍ 100 കടക്കും മുമ്പ് സ്പിന്നര്‍ പതിനൊന്നാം ഓവറില്‍ കേശവ് മഹാരാജിനെ പന്തേല്‍പ്പിച്ച ബാവുമയ്ക്ക് പിഴച്ചില്ല. സ്പിന്‍ പിച്ചില്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡ്. 24 പന്തില്‍ 23 റണ്‍സെടുത്ത് ഗില്‍ മടങ്ങിയശേഷമായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
വിരാട് കോലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് 134 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കി. സ്പിന്നര്‍മാര്‍ക്കെതിരെ കോലി കരുതലോടെ കളിച്ചപ്പോള്‍ ശ്രേയസ് ആക്രമിച്ചു കളിച്ചു. 87 പന്തില്‍ 77 റണ്‍സടിച്ച ശ്രേയസ് പുറത്തായശേഷം കെ എല്‍ രാഹുലും(8), സൂര്യകുമാര്‍ യാദവും(14 പന്തില്‍ 22) എളുപ്പം മടങ്ങിയെങ്കിലും ഒരറ്റം കാത്ത കോലി ഇന്ത്യയെ 300 കടത്തി.
റബാഡ എറിഞ്ഞ 49-ാം ഓവറില്‍ 49-ാം ഏകദിന സെഞ്ചുറിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തിയ കോലി ജഡേജക്കൊപ്പം ഇന്ത്യയെ 326 റണ്‍സിലെത്തിച്ചു.15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി29 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജയുടെ ഫിനിഷിംഗ് ഇന്ത്യയെ 300 കടത്തുന്നതില്‍ നിര്‍ണായകമായി. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളറായ മാര്‍ക്കോ യാന്‍സനാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. 9.4 ഓവറില്‍ യാന്‍സന്‍ 94 റണ്‍സ് വഴങ്ങി. കേശവ് മഹാരാജ് 10 ഓവറില്‍ 30 റണ്‍സിനും റബാഡ 10 ഓവറില്‍ 48 റണ്‍സിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.