പ്രായം എത്രയായി എന്നത് വലിയൊരു വേദിയില്‍ ഒരു പ്രശ്നമേയല്ലെന്നും യാതൊരു സഭാകമ്പവും ഇല്ലാതെയായിരുന്നു വൈഭവിന്‍റെ ബാറ്റിംഗെന്നും കമന്‍റേറ്ററ്ററായ ഹര്‍ഷ ഭോഗ്‌ലെ.
ജയ്പൂര്‍: പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി റെക്കോര്‍ഡിട്ട രാജസ്ഥാൻ റോയല്‍സ് താരം വൈഭ് സൂര്യവന്‍ശിയെ വാഴ്ത്തി ക്രിക്കറ്റ് ലോകം. ഒരു എട്ടാം ക്ലാസുകാരന്‍റെ ഐപിഎല്‍ അരങ്ങേറ്റം കാണാന്‍ നേരത്തെ എഴുന്നേറ്റുവെന്ന് പറഞ്ഞ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്തൊരു അരങ്ങേറ്റമാണെന്നും സോഷ്യൽ മീഡിയയില്‍ കുറിച്ചു.
പതിനാലാം വയസില്‍ നിങ്ങളൊക്കെ എന്തു ചെയ്യുകയായിരുന്നു, ഇവിടെയൊരു പയ്യന്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ അവന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയിരിക്കുന്നു, അതാണ് ഐപിഎല്ലിന്‍റെ സൗന്ദര്യം എന്നായിരുന്നു മുന്‍ താരം ശ്രീവത്സ് ഗോസ്വാമി വൈഭവിന്‍റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.
പ്രായം എത്രയായി എന്നത് വലിയൊരു വേദിയില്‍ ഒരു പ്രശ്നമേയല്ലെന്നും യാതൊരു സഭാകമ്പവും ഇല്ലാതെയായിരുന്നു വൈഭവിന്‍റെ ബാറ്റിംഗെന്നും കമന്‍റേറ്ററ്ററായ ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു. 20 പന്തില്‍ 34 റണ്‍സെടുത്ത് ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ പന്തില്‍ പുറത്തായി മടങ്ങുമ്പോള്‍ വിതുമ്പിയ വൈഭവിനെ ആശ്വസിപ്പിക്കാനും ആരാധകരുണ്ടായി. തളരരുതെന്നും നീ തുടങ്ങിയിട്ടല്ലെയുള്ളൂവെന്നുമായിരുന്നു ആരാധകരുടെ പ്രതികരണം.
ക്യാപ്റ്റന്‍ സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതോടെയാണ് രാജസ്ഥാന്‍ ഇന്നിംഗ്സില്‍ ഇംപാക്ട് പ്ലേയറായി വൈഭവിനെ ഓപ്പണറായി ഇറക്കിയത്. ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ടത് യശസ്വി ജയ്സ്വാളായിരുന്നു. പിന്നീട് ഐപിഎല്‍ കരിയറിലെ ആദ്യ പന്ത് നേരിട്ട ആദ്യ വൈഭവ് എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സിന് പറത്തിയാണ് തന്‍രെ വരവറിയിച്ചത്. ഒരു രാജ്യാന്തര ബൗളറെ പതിനാലുകാരന്‍ പയ്യന്‍ നേരിടുന്ന ആദ്യ പന്ത് തന്നെ സിക്സിന് പറത്തുന്ന കാഴ്ച അവിശ്വസനീയമെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഷാര്‍ദ്ദുലിനെ മാത്രമല്ല, ലക്നൗ വിജയത്തില്‍ ഹീറോ ആയ ആവേശ് ഖാനെയും തൊട്ടുപിന്നാലെ വൈഭവ് സിക്സിന് പറത്തിയിരുന്നു. ഇതിനിടെ വൈഭവ് നല്‍കിയ ക്യാച്ച് ലക്നൗ കൈവിടുകയും ചെയ്തു.
