Asianet News MalayalamAsianet News Malayalam

'എന്തൊരു ഇന്നിംഗ്‌സ്, സെഞ്ചുറി'; 100 തികച്ച പെട്രോള്‍ വിലയ്‌ക്കെതിരെ മനോജ് തിവാരി

സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു.

cricketer Manoj Tiwary trolls petrol price hits century in india
Author
Kolkata, First Published Feb 18, 2021, 1:56 PM IST

കൊല്‍ക്കത്ത: രാജ്യത്തെ അനിയന്ത്രിതമായ ഇന്ധന വില വര്‍ധനയെ രൂക്ഷമായി വിമര്‍ശിച്ച് ക്രിക്കറ്റ് താരം മനോജ് തിവാരി. പലയിടങ്ങളിലും പെട്രോള്‍ വില 100 തികഞ്ഞതോടെ ട്വിറ്ററിലാണ് വിലവര്‍ധനവിനെ ക്രിക്കറ്റുമായി താരതമ്യപ്പെടുത്തി തിവാരിയുടെ പരിഹാസം. 

'എന്തൊരു മികച്ച ഇന്നിംഗ്‌സാണ് പെട്രോള്‍ ഇതുവരെ കാഴ്‌ചവെച്ചത്. ഈ ദുര്‍ഘട സാഹചര്യത്തില്‍ കിടിലമൊരു സെഞ്ചുറി. നേരിട്ട ആദ്യ പന്തില്‍ വമ്പനടിക്കായിരുന്നു ശ്രമം. ഡീസല്‍ നന്നായി പിന്തുണയ്‌ക്കുകയും ചെയ്തു. നിങ്ങള്‍ രണ്ടുപേരുടേയും ഗംഭീര കൂട്ടുകെട്ടാണ്. സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെ കളിക്കുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ രണ്ടാളും അത് നന്നായി ചെയ്തു' എന്ന് മനോജ് തിവാരി കുറിച്ചു. #PetrolDieselPriceHike എന്ന ഹാഷ്‌ടാഗിലായിരുന്നു ട്വീറ്റ്. 

രാജ്യത്ത് പലയിടത്തും പെട്രോള്‍ വില 100 തികഞ്ഞിരിക്കുകയാണ്. തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില ഉയർന്നു. സർവകാല റെക്കോഡ് ഭേദിച്ചാണ് ഇന്ധന വില കുതിക്കുന്നത്. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയും ഇന്ന് കൂട്ടി. കുതിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഇന്ധന വില കുതിച്ചുയരാന്‍ കാരണം മുന്‍സര്‍ക്കാരുകളുടെ പിടിപ്പുകേടാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഊര്‍ജ്ജത്തിനായി ഇന്ത്യയ്ക്ക് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതാണ് ഇപ്പോള്‍ മധ്യവര്‍ഗത്തിലുള്ള കുടുംബങ്ങള്‍ ക്ലേശിക്കാന്‍ കാരണം എന്നാണ് മോദിയുടെ വാക്കുകള്‍. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ധനവില ക്രമാതീതമായി ഉയരാന്‍ കാരണം മുന്‍സര്‍ക്കാരുകളുടെ നയങ്ങളെന്ന് പ്രധാനമന്ത്രി

Follow Us:
Download App:
  • android
  • ios